ഇരിക്കുന്ന കൊമ്പില്‍ കോടാലി വെക്കുന്ന ഈ ബുദ്ധിയെയാണ് അന്ന് ഞാന്‍ അമുല്‍ ബേബി എന്ന് വിളിച്ചത്: വിഎസ് അച്യുതാനന്ദൻ
രാഹുൽഗാന്ധിക്കെതിരെ സിപിഎം മുതിർന്ന നേതാവ് വിഎസ് അച്യുതാനന്ദൻ രംഗത്ത്. മുമ്പൊരിക്കല്‍ രാഹുല്‍ ഗാന്ധിയെ താൻ അമുല്‍ പുത്രന്‍ എന്ന് വിളിച്ച് കളിയാക്കിയത് വെറുതെ പറഞ്ഞതായിരുന്നില്ലെന്നും ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ ഗതിവിഗതികള്‍ മനസ്സിലാക്കാതെ, ശിശുസഹജമായ അതി വൈകാരികതയോടെ സാഹചര്യങ്ങളെ സമീപിക്കുന്നതുകൊണ്ട് പറഞ്ഞതായിരുന്നുവെന്നും വിഎസ് തന്നെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
മദ്ധ്യ വയസ്സിനോടടുക്കുന്ന രാഹുല്‍ ഗാന്ധിയുടെ സമീപനത്തില്‍ ഇപ്പോഴും മാറ്റമൊന്നും വന്നതായി തോന്നുന്നില്ല. ഇന്ന് ഇന്ത്യ നേരിടുന്ന വിപത്ത് ബിജെപിയാണ്. ആ വിപത്തിനെ നേരിടാന്‍ ഇന്ത്യയിലെമ്പാടും ജനങ്ങള്‍ തയ്യാറുമാണ്. വലുതും ചെറുതുമായ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും തൊഴിലാളി-കര്‍ഷകാദി ജനങ്ങളോടൊപ്പം നിന്ന് ബിജെപിയെ അധികാരത്തില്‍നിന്ന് തൂത്തെറിയാന്‍ രംഗത്തിറങ്ങുന്നുണ്ട്. അക്കാര്യത്തില്‍ ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ നേതൃത്വപരമായ പങ്ക് വഹിക്കുന്നു. കോണ്‍ഗ്രസ്സും അവകാശപ്പെടുന്നത്, തങ്ങള്‍ ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ ശ്രമിക്കുകയാണ് എന്നാണ്- വി എസ് പറയുന്നു.
എന്നാല്‍, ആരുടെയൊക്കെയോ ഉപദേശങ്ങളില്‍ കുരുങ്ങി, വസ്തുനിഷ്ഠമായി സാഹചര്യങ്ങളെ വിലയിരുത്താനാവാത്ത കുട്ടിയെപ്പോലെ പെരുമാറുകയാണ് രാഹുല്‍ ഗാന്ധി. ദില്ലിയില്‍ ആം ആദ്മിക്കാരോട് സഹകരിക്കേണ്ടതില്ല എന്ന് ഷീലാ ദീക്ഷിത് പറഞ്ഞാല്‍, അങ്ങോട്ട് ചായും. കേരളത്തില്‍ ഇടതുപക്ഷത്തെ തകര്‍ക്കുകയാണ് ലക്ഷ്യമെന്ന് ചെന്നിത്തലയും ആന്‍റണിയും ഉപദേശിച്ചാല്‍ അങ്ങോട്ടും ചായും. അങ്ങനെയാണ്, രാഹുല്‍ ഇപ്പോള്‍ വയനാടന്‍ ചുരം കയറി ഇടതുപക്ഷത്തോട് യുദ്ധത്തിന് വന്നിട്ടുള്ളതെന്നും വിഎസ് പറയുന്നു. രാഹുല്‍ വന്നതുകൊണ്ട് എന്താണ് സംഭവിക്കാനുള്ളത്? ഇടതുപക്ഷം വര്‍ധിത വീര്യത്തോടെ രാഹുലിനെയും ഒപ്പം ബിജെപിയെയും നേരിടും. എന്നാല്‍, കോണ്‍ഗ്രസ്സിന്‍റെ കാര്യമോ? ഇതുവരെ പാടി നടന്ന, ബിജെപിയാണ് മുഖ്യശത്രു എന്ന വാദം പൊളിച്ചടുക്കപ്പെടും. കാരണം, രാഹുല്‍ വെറുമൊരു കോണ്‍ഗ്രസ്സുകാരനല്ല. കോണ്‍ഗ്രസ്സിന്‍റെ അവസാനവാക്കാണ്. ഇരിക്കുന്ന കൊമ്പില്‍ കോടാലി വെക്കുന്ന ഈ ബുദ്ധിയെയാണ് അന്ന് ഞാന്‍ അമുല്‍ ബേബി എന്ന് വിളിച്ചത്. ആ വിളിതന്നെ ഇന്നും പ്രസക്തമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
വി എസ് അച്യുതാനന്ദൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
മുമ്പൊരിക്കല്‍ രാഹുല്‍ ഗാന്ധിയെ ഞാന്‍ അമുല്‍ പുത്രന്‍ എന്ന് വിളിച്ച് കളിയാക്കുകയുണ്ടായി. അത് ഞാന്‍ വെറുതെ പറഞ്ഞതായിരുന്നില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ ഗതിവിഗതികള്‍ മനസ്സിലാക്കാതെ, ശിശുസഹജമായ അതി വൈകാരികതയോടെ സാഹചര്യങ്ങളെ സമീപിക്കുന്നതുകൊണ്ട് പറഞ്ഞതായിരുന്നു.
മദ്ധ്യ വയസ്സിനോടടുക്കുന്ന രാഹുല്‍ ഗാന്ധിയുടെ സമീപനത്തില്‍ ഇപ്പോഴും മാറ്റമൊന്നും വന്നതായി തോന്നുന്നില്ല. ഇന്ന് ഇന്ത്യ നേരിടുന്ന വിപത്ത് ബിജെപിയാണ്. ആ വിപത്തിനെ നേരിടാന്‍ ഇന്ത്യയിലെമ്പാടും ജനങ്ങള്‍ തയ്യാറുമാണ്. വലുതും ചെറുതുമായ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും തൊഴിലാളി-കര്‍ഷകാദി ജനങ്ങളോടൊപ്പം നിന്ന് ബിജെപിയെ അധികാരത്തില്‍നിന്ന് തൂത്തെറിയാന്‍ രംഗത്തിറങ്ങുന്നുണ്ട്. അക്കാര്യത്തില്‍ ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ നേതൃത്വപരമായ പങ്ക് വഹിക്കുന്നു. കോണ്‍ഗ്രസ്സും അവകാശപ്പെടുന്നത്, തങ്ങള്‍ ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ ശ്രമിക്കുകയാണ് എന്നാണ്.
പക്ഷെ, കോണ്‍ഗ്രസ്സിന്, അവര്‍തന്നെ സമ്മതിക്കുന്ന ഒരു പ്രശ്നമുണ്ട്. അതൊരു അരാജക പാര്‍ട്ടിയാണ്. ആര്‍ക്കും എന്തു നിലപാടും സ്വതന്ത്രമായി എടുക്കാനും അതിനനുസരിച്ച് മുന്നോട്ടുപോവാനുമുള്ള സ്വാതന്ത്ര്യമുള്ള വിചിത്രമായ ജനാധിപത്യമാണ് കോണ്‍ഗ്രസ്സിന്‍റേത്. എന്നാല്‍, എല്ലാ ജനാധിപത്യവും അവസാനിക്കുന്നത് നെഹ്രു കുടുംബത്തിലെ ഇളമുറ കാരണവന്‍മാരിലാണ്. രാഹുല്‍ ഗാന്ധിയാണ് ഇപ്പോഴത്തെ കാരണവര്‍.
രാഹുല്‍ ഗാന്ധിയാവട്ടെ, ബിജെപിക്കെതിരെ വിശാലമായ മുന്നണി വേണമെന്ന് പറയുകയും അത്തരം മുന്നണികളെ ശിഥിലമാക്കുകയും ചെയ്യുകയാണ്. അങ്ങ് വടക്ക് ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടിക്കാണ് ശക്തി. ഇങ്ങ് തെക്ക് കേരളത്തില്‍ സിപിഐ-എമ്മിന്‍റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫിനും. ആം ആദ്മി പാര്‍ട്ടിയായാലും എല്‍ഡിഎഫ് ആയാലും ബിജെപിക്കെതിരെ സന്ധിയില്ലാ സമരത്തിലുമാണ്.
എന്നാല്‍, ആരുടെയൊക്കെയോ ഉപദേശങ്ങളില്‍ കുരുങ്ങി, വസ്തുനിഷ്ഠമായി സാഹചര്യങ്ങളെ വിലയിരുത്താനാവാത്ത കുട്ടിയെപ്പോലെ പെരുമാറുകയാണ് രാഹുല്‍ ഗാന്ധി. ദില്ലിയില്‍ ആം ആദ്മിക്കാരോട് സഹകരിക്കേണ്ടതില്ല എന്ന് ഷീലാ ദീക്ഷിത് പറഞ്ഞാല്‍, അങ്ങോട്ട് ചായും. കേരളത്തില്‍ ഇടതുപക്ഷത്തെ തകര്‍ക്കുകയാണ് ലക്ഷ്യമെന്ന് ചെന്നിത്തലയും ആന്‍റണിയും ഉപദേശിച്ചാല്‍ അങ്ങോട്ടും ചായും. അങ്ങനെയാണ്, രാഹുല്‍ ഇപ്പോള്‍ വയനാടന്‍ ചുരം കയറി ഇടതുപക്ഷത്തോട് യുദ്ധത്തിന് വന്നിട്ടുള്ളത്.
രാഹുല്‍ വന്നതുകൊണ്ട് എന്താണ് സംഭവിക്കാനുള്ളത്? ഇടതുപക്ഷം വര്‍ധിത വീര്യത്തോടെ രാഹുലിനെയും ഒപ്പം ബിജെപിയെയും നേരിടും. എന്നാല്‍, കോണ്‍ഗ്രസ്സിന്‍റെ കാര്യമോ? ഇതുവരെ പാടി നടന്ന, ബിജെപിയാണ് മുഖ്യശത്രു എന്ന വാദം പൊളിച്ചടുക്കപ്പെടും. കാരണം, രാഹുല്‍ വെറുമൊരു കോണ്‍ഗ്രസ്സുകാരനല്ല. കോണ്‍ഗ്രസ്സിന്‍റെ അവസാനവാക്കാണ്. ഇരിക്കുന്ന കൊമ്പില്‍ കോടാലി വെക്കുന്ന ഈ ബുദ്ധിയെയാണ് അന്ന് ഞാന്‍ അമുല്‍ ബേബി എന്ന് വിളിച്ചത്. ആ വിളിതന്നെ ഇന്നും പ്രസക്തമാണ്.