ദക്ഷിണേന്ത്യയിൽ നിന്നും മത്സരിക്കണമെന്നു രാഹുൽ ഗാന്ധിയോട് ആദ്യം നിർദേശിച്ചത് സീതാറാം യെച്ചൂരി

single-img
1 April 2019

രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിൽ എവിടെനിന്നെങ്കിലും മത്സരിക്കണമെന്ന് രാഹുൽ ഗാന്ധിയോട് ആദ്യം നിർദേശിച്ചത് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിക്കെതിരേയുള്ള പോരാട്ടത്തിനിത് ശക്തിപകരുമെന്നതിനാൽ യുപിഎയിലെ മറ്റു ഘടകകക്ഷികളും നിർദേശത്തെ അനുകൂലിക്കുകയായിരുന്നു. തുടർന്നാണ് കോൺഗ്രസ് നേതൃത്വം ഇത്തരമൊരാലോചന തുടങ്ങിയത്.

ഇക്കാര്യത്തിൽ മാർച്ച് 23-ന് കേരളനേതൃത്വത്തിന് രാഹുൽ സൂചന നൽകി. വയനാടാണ് രാഹുലിന്റെ രണ്ടാം മണ്ഡലമെന്നറിഞ്ഞപ്പോൾ എൻസിപി നേതാവ് ശരദ് പവാർ മുഖേന അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ സീതാറാം യെച്ചൂരി ശ്രമിച്ചു.

ദേശീയതലത്തിൽ മതേതര ബദലിന് ശ്രമിക്കുമ്പോൾ വയനാട്ടിൽ ഇടതുസ്ഥാനാർഥിക്കെതിരേ മത്സരിക്കരുതെന്നായിരുന്നു അഭ്യർഥന. എങ്കിലും രാഹുലുമായി ഏറ്റവും അടുപ്പമുള്ള ആളെന്ന നിലയിൽ, കേരളത്തിലെ പ്രചാരണപരിപാടികളിൽ വയനാട്ടിനെ ഉൾപ്പെടുത്താതിരിക്കാനും യെച്ചൂരി ശ്രദ്ധിച്ചതും കൗതുകകരമാണ്.

തമിഴ്‌നാട്ടിൽ മത്സരിക്കണമെന്ന നിർദേശം ഈ സമയം ഡിഎംക. നേതാവ് സ്റ്റാലിൻ ഉൾപ്പെടെയുള്ളവർ മുന്നോട്ടുവെച്ചു. എന്നാൽ, ബിജെപിയെ രാഷ്ട്രീയമായി എതിർക്കുന്നതിന് കർണാടകമാണ് നല്ലതെന്നായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയടക്കം അഭിപ്രായപ്പെട്ടത്. വിഭാഗീയതമൂലമുള്ള അനിശ്ചിതത്വമുള്ളതിനാൽ രാഹുൽ വയനാട്ടിൽ മത്സരിക്കണമെന്ന് കേരളത്തിലെ നേതാക്കൾ ഈ ഘട്ടത്തിൽ ആവശ്യപ്പെട്ടു. സുരക്ഷിത മണ്ഡലമെന്ന നിലയിൽ വയനാടിനെ പരിഗണിക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചു.