‘ഞാന്‍ ശൗചാലയങ്ങളുടെ കാവല്‍ക്കാരന്‍; അതില്‍ അഭിമാനിക്കുന്നു’: മോദി

single-img
1 April 2019

മഹാരാഷ്ട്രയിലെ വര്‍ധയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് താന്‍ ടോയ്‌ലറ്റ് ചൗക്കിദാര്‍ ആണെന്ന് പ്രധാനമന്ത്രി പറഞ്ഞത്. ‘ഞാന്‍ ശൗചാലയങ്ങളുടെ കാവല്‍ക്കാരനാണ്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. ടോയ്‌ലറ്റുകളുടെ കാവല്‍ക്കാരനാവുക വഴി കോടിക്കണക്കിന് ഹിന്ദുസ്ഥാനി സ്ത്രീകളുടെ അഭിമാനമാണ് ഞാന്‍ സംരക്ഷിക്കുന്നത്’ മോദി പറഞ്ഞു.

കാവല്‍ക്കാരെ കോണ്‍ഗ്രസ് അപമാനിക്കുകയാണ്. ശൗചാലയത്തിന്റെ കാവല്‍ക്കാരനായപ്പോള്‍ ഈ രാജ്യത്തെ അമ്മമാരുടെയും പെങ്ങന്മാരുടെയും കൂടി കാവല്‍ക്കാരനായി താന്‍ മാറിയെന്നും മോദി പറഞ്ഞു.

അതിനിടെ, വയനാട് മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനത്തെ പരിഹസിച്ച് കൊണ്ടുള്ള മോദിയുടെ പരാമര്‍ശം വിവാദമായി. ഹിന്ദു മേഖലയില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഒളിച്ചോടുകയാണ്. ഹിന്ദുക്കളെ ഭയക്കുന്നത് കൊണ്ടാണ് ഹിന്ദുക്കള്‍ ന്യൂനപക്ഷമായ ഒരു മണ്ഡലത്തില്‍ മത്സരിക്കാന്‍ തയ്യാറാകുന്നതെന്നും മോദി പറഞ്ഞു.

ഹിന്ദുത്വതീവ്രവാദം എന്ന വാദം കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നുണ്ട്. ഇത് രാജ്യത്തിന് നാണക്കേടാണ്. ഹിന്ദുക്കള്‍ തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഒരു സംഭവംപോലും നിങ്ങള്‍ക്ക് കാണിച്ച് തരാനാവില്ലെന്നും മോദി പ്രസംഗത്തിനിടെ പറഞ്ഞു.

പ്രധാനമന്ത്രി പദത്തിലിരിക്കുന്ന ഒരാള്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി വോട്ട് പിടിക്കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. അഞ്ച് വര്‍ഷം ഭരിച്ചിട്ട് പറയാന്‍ ഒന്നുമില്ലാത്തത് കൊണ്ടാണ് മോദി ഇപ്പോള്‍ ജനങ്ങളെ വര്‍ഗീയമായി തരംതിരിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

കോണ്‍ഗ്രസിന് പുറമെ മറ്റുപ്രതിപക്ഷ പാര്‍ട്ടികളും പ്രധാനമന്ത്രിയുടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് അമേഠിക്ക് പുറമെ വയനാട്ടിലും രാഹുല്‍ മത്സരിക്കുന്ന കാര്യം കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.