ഒടുവില്‍ ജേക്കബ് തോമസ് മത്സരനീക്കത്തില്‍ നിന്ന് പിന്‍മാറി

single-img
1 April 2019

ചാലക്കുടി മണ്ഡലത്തില്‍ നിന്ന് ട്വന്റി ട്വന്റി സ്ഥാനാര്‍ഥിയായി ഡിജിപി ജേക്കബ് തോമസ് മത്സരിക്കില്ല. ജേക്കബ് തോമസ് മത്സരിക്കില്ലെന്ന കാര്യം ട്വന്റി ട്വന്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സിവില്‍ സര്‍വീസില്‍ നിന്ന് രാജിവെക്കാനുള്ള ജേക്കബ് തോമസിന്റെ തീരുമാനം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ഇതാണ് മാറ്റത്തിന് കാരണമെന്ന് ട്വന്റി ട്വന്റി പറഞ്ഞു.

ജേക്കബ് തോമസിന് മത്സരിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് മറ്റാരെയും സ്ഥാനാര്‍ഥിയാക്കില്ലെന്നും ട്വന്റി ട്വന്റി അറിയിച്ചു. ചാലക്കുടിയില്‍ മറ്റൊരു സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ഇനി സാധിക്കില്ലെന്ന് ട്വന്റി ട്വന്റി നേതാക്കള്‍ അറിയിച്ചു.

വിആര്‍എസ് എടുക്കാനുള്ള തീരുമാനം സര്‍ക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് സര്‍വീസില്‍ നിന്ന് രാജിവെക്കാന്‍ ജേക്കബ് തോമസ് തീരുമാനിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായാണ് ആദ്യം വിആര്‍എസ് എടുക്കാനും പിന്നീട് സര്‍വീസില്‍ നിന്ന് രാജിവെക്കാനും ജേക്കബ് തോമസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ രാജി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ജേക്കബ് തോമസിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കാത്തത്.