നാമനിർദേശ പത്രികാ സമർപ്പണത്തിന് പടുകൂറ്റൻ പ്രകടനം വേണമെന്നാവശ്യപ്പെട്ട പ്രവര്‍ത്തകരെ വിലക്കി തോമസ്‌ ചാഴികാടന്‍

single-img
29 March 2019

നാമനിർദേശ പത്രികാ സമർപ്പണത്തിന് പടുകൂറ്റൻ പ്രകടനം വേണമെന്നാവശ്യപ്പെട്ട പ്രവര്‍ത്തകരെ വിലക്കി കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ. ‘ഒക്കെ നല്ലതാണ്. പക്ഷെ , ഈ കൊടുംചൂടില്‍ നിങ്ങളെ ബുദ്ധിമുട്ടിപ്പിക്കാന്‍ ഞാനില്ല, പൊരിവെയിലത്തെ പ്രകടനം വേണ്ട, പ്രകടനം നടത്തി ഗതാഗത തടസം ഉണ്ടാകുന്നത് ആവുന്നത്ര ഒഴിവാക്കണം. ‘ ചാഴികാടന്‍ പറഞ്ഞു . അതോടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തോടുകൂടിയുള്ള പ്രകടനം ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു യു ഡി എഫ് .

ഇന്ന് രാവിലെ 12 ന് കളക്ടറേറ്റിൽ വൻ പ്രകടനമായി എത്തി വരണാധികാരിയായ ജില്ലാ കളക്ടർക്ക് മുന്നിൽ പത്രിക സമർപ്പിക്കണമെന്നായിരുന്നു പ്രവർത്തകരുടെ ആഗ്രഹം. എന്നാൽ, പൊരിവെയിലിൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ച് പ്രകടനം നടത്തേണ്ട ആവശ്യമില്ലെന്ന നിലപാട് സ്ഥാനാർത്ഥി സ്വീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിച്ചു മടങ്ങിയ പ്രിയ സുഹൃത്ത് ഡി സി സി സെക്രട്ടറി കെ സി നായര്‍ക്ക് സൂര്യാഘാതം ഉണ്ടായ കാര്യം ചാഴികാടന്‍ പ്രവര്‍ത്തകരെ ഓര്‍മ്മിപിച്ചു .

അതിനാല്‍ സ്ഥാനാര്‍ഥിയേയും കൂട്ടി പ്രവർത്തകർക്കൊപ്പം കളക്ടറേറ്റിൽ എത്തി പത്രിക സമർപ്പിക്കാനാണ് യു ഡി എഫിന്‍റെ നീക്കം. മണ്ഡലത്തിന്‍റെ ചുമതലയുള്ള തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇത് അംഗീകരിച്ചിട്ടുണ്ട് .