ഇടതുസ്ഥാനാർത്ഥിയുണ്ടെങ്കിലും കോൺഗ്രസ് സ്ഥാനാർത്ഥി കരുത്തനാണെങ്കിൽ വോട്ട് കോൺഗ്രസിന് ചെയ്യണമെന്ന് സിപിഎം പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറി

single-img
29 March 2019

ഇടതുപക്ഷം മത്സര രംഗത്തുള്ള മണ്ഡലങ്ങളിലും ബിജെപിയേയും തൃണമൂല്‍ കോണ്‍ഗ്രസിനേയും തോല്‍പ്പിക്കാന്‍ പുതു വഴിയുമായി സിപിഎം, കോണ്‍ഗ്രസിനാണ് കരുത്തെങ്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചെയ്യണമെന്ന് സിപിഎം പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര പറഞ്ഞു.

ബിജെപിയേയും തൃണമൂല്‍ കോണ്‍ഗ്രസിനേയും തോല്‍പ്പിക്കുകയാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാന ദൗത്യമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐയുമായുള്ള അഭിമുഖത്തില്‍ സൂര്യകാന്ത മിശ്ര പറഞ്ഞു. ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ സീറ്റു ധാരണ നടക്കാതെ പോയതില്‍ പരസ്പരം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനെ കുറ്റം പറയാന്‍ ഉദ്ദേശിക്കുന്നില്ല. എന്തുകൊണ്ട് ധാരണയുണ്ടായില്ലെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. ബിജെപിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും തോല്‍പ്പിക്കുകയാണ് പ്രധാനം- മിശ്ര പറഞ്ഞു.

”നിങ്ങളുടെ മണ്ഡലത്തില്‍ ബിജെപി, തൃണമൂല്‍ സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ കരുത്ത് കോണ്‍ഗ്രസിനാണെങ്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കു വോട്ടു ചെയ്യുക. ഇടതുപക്ഷത്തിനാണ് ആ കരുത്തെങ്കില്‍ ഇടതുപക്ഷത്തിനു വോട്ടു ചെയ്യുക”- കാര്യം വ്യക്തമാണെന്ന് മിശ്ര വിശദീകരിച്ചു.

കോണ്‍ഗ്രസ് ഇപ്പോള്‍ ബംഗാളിലോ കേന്ദ്രത്തിലോ ഭരണത്തില്‍ ഇല്ല. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിനെ രാഷ്ട്രീയ ശത്രുവായി സിപിഎം കാണുന്നുമില്ല. കോണ്‍ഗ്രസുമായി സഖ്യത്തിന് സിപിഎം ഒരിക്കലും തയാറായിട്ടില്ല. സീറ്റു ധാരണയ്ക്കാണ്  ശ്രമിച്ചത്. അതു നടക്കാത്ത സ്ഥിതിക്ക് ഓരോ മണ്ഡലത്തിലും ബിജെപിക്കും തൃണമൂലിനും എതിരെ ശക്തരായ സ്ഥാനാര്‍ഥി ആരെന്ന് വോട്ടര്‍മാര്‍ തീരുമാനിക്കട്ടെയെന്നും മിശ്ര വ്യക്തമാക്കി.