പണം തന്നാല്‍ നരേന്ദ്രമോദിയെ കൊലപ്പെടുത്താനുള്ള പദ്ധതി പറഞ്ഞുതരാമെന്നു പോസ്റ്റിട്ട യുവാവ് അറസ്റ്റിൽ

single-img
29 March 2019

പണം തന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊലപ്പെടുത്താന്‍ പദ്ധതി പറഞ്ഞുതരാമെന്ന് ഫേസ്ബുക്കിലൂടെ പോസ്റ്റിട്ട ആളെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാന്‍ സ്വദേശിയായ നവീന്‍ യാദവാണ് അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് നവീന്‍ യാദവ്‌ മോദിയെ കൊലപ്പെടുത്താന്‍ ഉപാധി നല്‍കാമെന്ന് പറഞ്ഞ് പോസ്റ്റിട്ടത്.

‘പണം നല്‍കിയാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊലപ്പെടുത്താന്‍ പഴുതകളില്ലാത്ത ഉപാധികള്‍ പറഞ്ഞുതരാം’ എന്നായിരുന്നു ഫേസ്ബുക്കിൽ കുറിച്ചത്.  പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വ്യാഴാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ പത്തുവര്‍ഷമായി ജയ്പൂരില്‍ താമസിക്കുന്നയാളാണ് നവീന്‍ യാദവ്.

നേരത്തെയും നിരവധി രാഷ്ട്രീയനേതാക്കള്‍ക്കെതിരെ സമാനമായ പോസ്റ്റുകള്‍ ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതായി പൊലീസ് പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഇത്തരം ഒരു പോസ്റ്റ് ഇട്ടതില്‍ ഖേദിക്കുന്നുവെന്നും തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് പോസ്റ്റ് ഇട്ടതെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞു.

റിട്ടയേര്‍ഡ് സിആര്‍പിഎഫ് ഉദ്യോഗസ്ഥന്റെ മകനായ നവീന്‍ ബിരുദധാരിയാണ്.  ഇയാള്‍ ഒരു പുസ്തകശാലയിലാണ് ജോലി ചെയ്യുന്നത്.