രാഹുൽ ഗാന്ധി പ്രതീക്ഷ മങ്ങിത്തുടങ്ങി; വയനാട്ടിൽ ടി സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കി ബോര്‍ഡുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങി

single-img
28 March 2019

ഇടതുസ്ഥാനാര്‍ത്ഥിയും പ്രവര്‍ത്തകരും വയനാട്ടില്‍ രണ്ടാംഘട്ട പ്രചരണം പൂര്‍ത്തിയാക്കുമ്പോഴും യുഡിഎഫ് പ്രവര്‍ത്തകര്‍ ആകെ അങ്കലാപ്പിലാണ്. സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കാനാകാതെ കോൺഗ്രസ് നേതൃത്വം കുഴയുമ്പോൾ പലയിടത്തും ടി സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കി ബോര്‍ഡുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങി.

ഹൈക്കമാന്റ് സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ ആശയക്കുഴപ്പത്തിലാണ് പ്രവര്‍ത്തകര്‍. എന്നാല്‍ രാഹുല്‍ തന്നെ വയനാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ എത്തുമെന്നാണ്  ജില്ലാ നേതൃത്വം ആവർത്തിക്കുന്നത്. അതിനിടയില്‍ അമേഠിയില്‍ നിന്നു തന്നെയാണ് രാഹുല്‍ മത്സരിക്കുന്നതെന്നും രണ്ടു മണ്ഡലങ്ങള്‍ പരിഗണിച്ചാല്‍ മാത്രമേ വയനാട് പരിഗണിക്കൂ എന്നും ദേശീയ നേതൃത്വം വ്യക്തമാക്കി.

രാഹുലിന്റെ വരവിനായി കാത്തിരിക്കുകയാണെന്നും രാഹുല്‍ വരുമെന്ന പൂര്‍ണ പ്രതീക്ഷയിലാണെന്നും ടി. സിദ്ദിഖ് പറഞ്ഞു. അതേസമയം വയനാട്ടില്‍ രാഹുല്‍ എത്തുമെന്ന കാര്യം അനിശ്ചിതത്വത്തില്‍ തുടരുകയാണ്. ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍ക്കൂടി മത്സരിക്കുന്നതിനോടു കേന്ദ്ര നേതാക്കള്‍ അനുകൂലമാണ്. കര്‍ണാടകയില്‍നിന്നു രാഹുലിനു ക്ഷണമുണ്ടെങ്കിലും കോണ്‍ഗ്രസിനു വലിയ സ്വാധീനമുള്ള മണ്ഡലങ്ങളില്‍ പത്രിക സമര്‍പ്പിക്കേണ്ട സമയം കഴിഞ്ഞു.