ജയിലില്‍ കിടന്നിട്ടാണെങ്കിലും കോഴിക്കോട്ടെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ശക്തിയുണ്ട്: ശ്രീധരൻ പിള്ള

single-img
28 March 2019

ജയിലില്‍ കിടന്നിട്ടാണെങ്കിലും തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ശക്തി കോഴിക്കോട്ടെ ബിജെപി സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിനുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്ന് അറസ്റ്റ് വാറണ്ടുള്ള പ്രകാശ് ബാബുവിന് തെരഞ്ഞെടുപ്പ് പത്രിക സമര്‍പ്പിക്കണമെങ്കില്‍ കോടതിയില്‍ നിന്നും ജാമ്യം ലഭിക്കേണ്ടതുണ്ട്. ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആകെ എട്ട് കേസുകളാണ് സ്ഥാനാര്‍ത്ഥിക്കെതിരെയുള്ളത്.

പ്രകാശ് ബാബു ഇന്ന് കോടതിയില്‍ ഹാജരാവുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ചിത്തിര ആട്ട വിശേഷ നാളില്‍ ശബരിമലയില്‍ എത്തിയ സ്ത്രീയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയാണ് കോഴിക്കോട്ടെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ പ്രകാശ് ബാബു.

തൃശൂര്‍ സ്വദേശിനിയായ ലളിത എന്ന സ്ത്രീയെയായിരുന്നു പ്രകാശ് ബാബുവും സംഘപരിവാര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് ആക്രമിച്ചത്. വധശ്രമത്തിനൊപ്പം പ്രേരണാകുറ്റവും ഗൂഢാലോചന കുറ്റവും പ്രകാശ് ബാബു അടക്കം അഞ്ച് സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെ പൊലീസ് ചുമത്തിയിരുന്നു. കേസില്‍ ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ 23 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമായിരുന്നു ജാമ്യത്തില്‍ പുറത്തിറക്കിയത്.

ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് നിലനില്‍ക്കെയാണ് പ്രകാശ് ബാബുവിനെ സ്ഥാനാര്‍ത്ഥിയാക്കിയുള്ള പ്രഖ്യാപനം വന്നത്

ശബരിമല ദര്‍ശനത്തിനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയേയും സംഘത്തേയും തടഞ്ഞ സംഭവത്തിലും നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചതിനുമെല്ലാം പ്രകാശ് ബാബുവിനെതിരെ കേസുണ്ട്.