‘100 തൃണമൂല്‍ എംഎല്‍എമാര്‍ പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേരും’

single-img
27 March 2019

100 തൃണമൂല്‍ എംഎല്‍എമാര്‍ പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേരുമെന്നു ബംഗാള്‍ ബിജെപി നേതാവ് അര്‍ജുന്‍ സിങ്. ഭട്പാരയില്‍നിന്ന് 4 തവണ തൃണമൂല്‍ എംഎല്‍എയായ അര്‍ജുന്‍ സിങ് ഈ മാസമാദ്യമാണ് ബിജെപിയില്‍ എത്തിയത്. ബാരക്പുര്‍ ലോക്‌സഭാ മണ്ഡലത്തില്‍നിന്നു ബിജെപി സ്ഥാനാര്‍ഥിയായി ഇത്തവണ പോരാടുന്നുമുണ്ട്.

‘തൃണമൂലില്‍നിന്ന് നൂറോളം പേര്‍ ഉടന്‍ ബിജെപിയില്‍ എത്തും. അവര്‍ നിരന്തരം ബിജെപി നേതാക്കളുമായി സമ്പര്‍ക്കത്തിലാണ്. ചിലര്‍ തിരഞ്ഞെടുപ്പിനു മുന്‍പുതന്നെ പാര്‍ട്ടിയിലെത്തും. ചിലര്‍ അതിനുശേഷവും’ സിങ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

എന്നാല്‍, സിങ് ഉടന്‍തന്നെ ഡോക്ടറെ കാണണമെന്ന് തൃണമൂലും തിരിച്ചടിച്ചു. സിങ്ങിന്റെ പരാമര്‍ശത്തിനു വലിയ പ്രാധാന്യം കൊടുക്കേണ്ടെന്നും മുതിര്‍ന്ന തൃണമൂല്‍ നേതാവ് ജ്യോതിപ്രിയോ മുല്ലിക് അറിയിച്ചു. അതേസമയം, വോട്ടര്‍മാരെയും പ്രദേശവാസികളെയും ഭയപ്പെടുത്താനുള്ള നീക്കമാണു സിങ്ങിന്റേതെന്നു കാട്ടി തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സാമ്രാട്ട് തപോദാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.