അട്ടപ്പാടിയിലെ കോളേജുകളില്‍ വികെ ശ്രീകണ്ഠന് വിദ്യാര്‍ത്ഥികളുടെ ഊഷ്മളമായ സ്വീകരണം

single-img
27 March 2019

അട്ടപ്പാടിയിലെ കോളേജുകളില്‍ സന്ദര്‍ശനം നടത്തിയ പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി വികെ ശ്രീകണ്ഠന് വിദ്യാര്‍ത്ഥികളുടെ ഊഷ്മളമായ സ്വീകരണം. അട്ടപ്പാടി കോട്ടത്തറയില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സ്ഥാപിച്ച രാജീവ് ഗാന്ധി മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജിലാണ് ആദ്യ സന്ദര്‍ശനം നടത്തിയത്.

ഇവിടെ കെ.എസ് യു പ്രവര്‍ത്തകരും മറ്റു വിദ്യാര്‍ത്ഥികളും സ്ഥാനാര്‍ത്ഥിക്ക് അഭിവാദ്യമര്‍പ്പിച്ച് ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. അദ്ധ്യാപകരെയും ഓരോ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളെയും കണ്ട് ശ്രീകണ്ഠന്‍ വോട്ട് അഭ്യര്‍ത്ഥിച്ചു. മികച്ച കെട്ടിടവും, ഗ്രൗണ്ടും, കോളേജ് ബസ് എന്നിങ്ങനെ ഒട്ടേറെ ആവശ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ സ്ഥാനാര്‍ത്ഥിയോട് പങ്കു വെച്ചു. തുടര്‍ന്ന് ഗൂളിക്കടവിലുള്ള ഐഎച്ച് ആര്‍ഡി കോളേജിലും സന്ദര്‍ശനം നടത്തി. ഇവിടെയും വിദ്യാര്‍ത്ഥികള്‍ ആവേശത്തോടെയാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചത്.

അതിനിടെ, ശ്രീകണ്ഠന്റെ റോഡ് ഷോയില്‍ പ്രചാരണ വാഹനത്തിന് സാരഥിയായി ഷാഫി പറമ്പില്‍ എം.എല്‍.എ എത്തിയതും കൗതുകമായി. റോഡ് ഷോയില്‍ സ്ഥാനാര്‍ത്ഥി സഞ്ചരിക്കുന്ന തുറന്ന ജീപ്പിലാണ് ഷാഫി പറമ്പില്‍ എം.എല്‍.എ വളയം പിടിച്ചത്. പട്ടാമ്പി പട്ടണത്തെ പ്രകമ്പനം കൊള്ളിച്ചു കൊണ്ടായിരുന്നു റോഡ് ഷോ നടന്നത്. തുറന്ന ജീപ്പില്‍ സ്ഥാനാര്‍ഥി കൈവീശി കാണിക്കുന്നു. വാഹനം ഓടിക്കുന്നത് നാട്ടുകാരനായ എം.എല്‍.എയും. നേതാക്കള്‍ക്കൊപ്പം അണികളും ആവേശത്തോടെ റോഡ് ഷോയില്‍ പങ്കെടുത്തു.

ജില്ലാ കോണ്‍ഗ്രസിനെ ശക്തമായി മുന്നോട്ടു നയിക്കുന്നതിനൊപ്പം പൊതുജനങ്ങളിലും പാര്‍ട്ടിയെക്കുറിച്ച് അഭിമാനമുളവാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത നേതാവാണ് വി.കെ. ശ്രീകണ്ഠന്‍. അദ്ദേഹം നടത്തിയ ‘ജയ് ഹോ’ ജില്ലാ പദയാത്ര ദേശീയ നേതൃത്വത്തിന്റെയുള്‍പ്പെടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഈ കാലയളവില്‍ മറ്റ് പാര്‍ട്ടികളില്‍ നിന്നും നിരവധി പേരാണ് കോണ്‍ഗ്രസിലേക്ക് എത്തിയത്. പദയാത്രയിലൂടെ അണികളെ തെരഞ്ഞെടുപ്പിന് സജ്ജരാക്കാന്‍ ഡി സി സി പ്രസിഡന്റിന് സാധിച്ചിട്ടുണ്ട്.

Roadshow at PattambiVote for VK Sreekandan

Posted by Shafi Parambil on Tuesday, March 26, 2019