നിര്‍മലാ സീതാരാമന്റെ കള്ളയൊപ്പിട്ട് പണം തട്ടി: ബി.ജെ.പി ജനറല്‍ സെക്രട്ടറി മുരളീധര റാവുവിനെതിരെ കേസ്

single-img
27 March 2019

പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്റെ വ്യാജ ഒപ്പിട്ട് റിയല്‍ എസ്‌റ്റേറ്റുകാരില്‍ നിന്നും പണം തട്ടിയ ബി.ജെ.പി ജനറല്‍ സെക്രട്ടറി പി. മുരളീധര റാവുവിനെതിരെ കേസ്. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി വ്യവസായിയില്‍ നിന്നും 2.17 കോടി രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. പരാതിയില്‍ മുരളീധര റാവു ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെ ഹൈദരാബാദ് പൊലീസ് ക്രിമിനല്‍ കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.

ഫാര്‍മസ്യൂട്ടിക്കല്‍ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ ചെയര്‍മാന്‍ പദവി വാഗ്ദാനം ചെയ്ത് 2.17 കോടി രൂപ കൈക്കൂലിവാങ്ങിയതുമായി ബന്ധപ്പെട്ടാണ് റാവുവിനും മറ്റുള്ളവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ഹൈദരാബാദ് സ്വദേശികളായ ടി.പ്രവര്‍ണ റെഡ്ഡി, ഭാര്യ മഹിപാല്‍ റെഡ്ഡി എന്നിവരാണ് പരാതിക്കാര്‍.

പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്റെ വ്യാജ ഒപ്പിട്ട് നിയമന കത്ത് കാണിച്ചാണ് ഇവര്‍ പണം തട്ടിയതെന്നാണ് പരാതി. നിര്‍മലാ സീതാരാമന്‍ വ്യാവസായ വാണിജ്യ മന്ത്രിയായിരിക്കുന്ന ഘട്ടത്തിലായിരുന്നു സംഭവം. പണം വാങ്ങിയിട്ടും നിയമനം ലഭിച്ചില്ല. തുടര്‍ന്ന് പരാതിക്കാര്‍ പണം തിരികെ ആവശ്യപ്പെട്ടു. ഈ സമയത്ത് മുരളീധര റാവു ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ഇപ്പോള്‍ കോടതിയുടെ നിര്‍ദേശ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.