പി.സി. ജോര്‍ജ് ബിജെപി പാളയത്തിലേക്ക്

single-img
27 March 2019

തിരുവനന്തപുരം: പി.സി.ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി എന്‍ഡിഎയില്‍ ചേരുമെന്ന് സൂചന. ബിജെപി കേന്ദ്ര നേതാക്കളുമായി പി.സി.ജോര്‍ജ് ചര്‍ച്ച നടത്തി. ജനപക്ഷം സംസ്ഥാന നേതൃയോഗത്തില്‍ ഇതുസംബന്ധിച്ച് ധാരണയായെന്നും പി.സി.ജോര്‍ജ് അറിയിച്ചു.

മുന്നണിപ്രവേശം സംബന്ധിച്ച് സംസ്ഥാനത്തെ ബിജെപി നേതാക്കളുമായും അനൗപചാരിക സംഭാഷണം നടത്തിയിരുന്നു. പത്തനംതിട്ടയില്‍ നിന്ന് പിന്മാറിയത് കെ.സുരേന്ദ്രന്‍ മല്‍സരിക്കുന്നതുകൊണ്ടാണെന്നും ജനപക്ഷം നേതാക്കള്‍ വ്യക്തമാക്കി.

എന്‍ഡിയുമായുള്ള ചര്‍ച്ചകള്‍ ഏറെ മുന്നോട്ട് പോയി. അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കളെ കാണാനാണ് തീരുമാനം. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ബിജെപിക്ക് അനൂകൂലനിലപാട് പി.സിജോര്‍ജ് സ്വീകരിച്ചിരുന്നു.

പി.സി.ജോര്‍ജിനെ ഒപ്പം കൂട്ടിയാല്‍ പത്തനംതിട്ടയില്‍ പ്രബല വിഭാഗമായ ക്രിസ്ത്യന്‍ സമുദായത്തിന്റെ വോട്ട് ഉറപ്പിക്കാനാകുമെന്നാണ് ബിജെപി നേതാക്കള്‍ പ്രതീക്ഷിക്കുന്നത്. കെ.സുരേന്ദ്രനാണ് പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ഥി. പത്തനംതിട്ട ലോക്‌സഭയില്‍ ഉള്‍പ്പെട്ടതാണ് പി.സി.ജോര്‍ജിന്റെ മണ്ഡലമായ പൂഞ്ഞാര്‍.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് യുഡിഎഫ് പ്രവേശനത്തിന് പി.സി.ജോര്‍ജ് കത്ത് നല്‍കിയിരുന്നു. എന്നാല്‍ നേതാക്കള്‍ അനുകൂലനിലപാട് സ്വീകരിച്ചിരുന്നില്ല. സോണിയ ഗാന്ധിയെ കാണാനുള്ള ശ്രമവും പരാജയപ്പെട്ടിരുന്നു.