സീറ്റ് നല്‍കിയില്ല; കോണ്‍ഗ്രസ് എം.എല്‍.എ പാര്‍ട്ടി ഓഫീസിലെ 300 കസേരകള്‍ കൊണ്ടുപോയി

single-img
27 March 2019

മഹാരാഷ്ട്രയില്‍ സീറ്റ് നിഷേധിച്ചതിന് പാര്‍ട്ടി ഓഫീസില്‍ നിന്നും കസേരകളെടുത്തു കൊണ്ടുപോയി എം.എല്‍.എയുടെ പ്രതിഷേധം. പ്രാദേശിക പാര്‍ട്ടി ഓഫീസില്‍ നിന്നും 300 കസേരകളാണ് കോണ്‍ഗ്രസ് എം.എല്‍.എയായ അബ്ദുല്‍ സത്താര്‍ എടുത്തുകൊണ്ടുപോയത്.

അനുയായികളുടെ സഹായത്തോടെയായിരുന്നു എം.എല്‍.എ കസേരകള്‍ കൊണ്ടുപോയത്. അതേസമയം കൊണ്ടുപോയ കസേരകളെല്ലാം തന്റേതാണെന്നാണ് എം.എല്‍.എയുടെ വിശദീകരണം. പാര്‍ട്ടി പരിപാടികള്‍ക്കായാണ് കസേരകള്‍ ഉപയോഗിച്ചിരുന്നത്.

ഇപ്പോള്‍ താന്‍ പാര്‍ട്ടി ഉപേക്ഷിച്ചതായും അതിനാല്‍ കസേരകള്‍ കൊണ്ടുപോവുകയാണെന്നും എം.എല്‍.എ പറഞ്ഞു. മഹാരാഷ്ട്രയിലെ സില്ലോഡില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എയാണ് അബ്ദുല്‍ സത്താര്‍.

ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന അബ്ദുള്‍ സത്താര്‍ ഔറംഗബാദ് ലോക്‌സഭാ സീറ്റിലേക്ക് പാര്‍ട്ടി തന്നെ പരിഗണിക്കുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് മറ്റൊരു നേതാവിനെ സ്ഥാനാര്‍ഥിയാക്കിയതാണ് സത്താറിനെ പ്രകോപിപ്പിച്ചത്.

തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ കഴിയാത്ത പാര്‍ട്ടിക്ക് തന്റെ കസേരകളും വേണ്ടെന്നാണ് ഇയാളുടെ നിലപാട്. ആവശ്യമെങ്കില്‍ പുതിയ സ്ഥാനാര്‍ത്ഥി പാര്‍ട്ടിക്ക് പുതിയ കസേരകള്‍ വാങ്ങിച്ച് നല്‍കട്ടെ എന്നും സത്താര്‍ പറയുന്നു. എന്നാല്‍ സത്താറിന്റെ രാജി അംഗീകരിച്ചിട്ടില്ലെന്നാണ് കോണ്‍ഗ്രസ് ഭാരവാഹികള്‍ പറയുന്നത്.