നോട്ടുനിരോധനത്തിന്റെ മറവില്‍ ബി.ജെ.പി വന്‍ അഴിമതി നടത്തി: പഴയ നോട്ടുകള്‍ മാറ്റിനല്‍കിയത് 40% കമ്മീഷനില്‍; ദൃശ്യങ്ങള്‍ പുറത്തുവിട്ടു

single-img
27 March 2019

നോട്ട് നിരോധനത്തിനു ശേഷം ബിജെപി നേതാക്കള്‍ കമ്മിഷന്‍ വ്യവസ്ഥയില്‍ നിരോധിത നോട്ടുകള്‍ മാറിനല്‍കിയതായി പ്രതിപക്ഷ പാര്‍ട്ടികള്‍. ഇടപാട് നടത്തുന്ന ഒളിക്യാമറാ ദൃശ്യങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു. എന്നാല്‍ ദൃശ്യങ്ങളുടെ ആധികാരികത സ്ഥിരീകരിക്കാന്‍ തയാറാകാത്ത നേതാക്കള്‍ സംഭവം സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു.

സ്റ്റിംഗ് ഓപ്പറേഷന്‍ നടന്നത് 2017 ജനുവരിയിലാണ്. നൂറ് കോടി രൂപയുടെ പഴയനോട്ടുകള്‍ മാറ്റാനെന്ന പേരില്‍ ഒരു ബിജെപി നേതാവിനെ പഞ്ചനക്ഷത്രഹോട്ടില്‍ സമീപിച്ചു. തുടര്‍ന്ന് മറ്റൊരാള്‍ക്കൊപ്പം ഗാന്ധിനഗറില്‍ പാര്‍ട്ടി ഓഫീസിലേക്ക് ചെന്നു.പുതിയ നോട്ടുകള്‍ എത്രവേണമെങ്കിലം തരാം,  40 ശതമാനം കമീഷന്‍ വേണമെന്നാണ് ആവശ്യം.  

ഓഫീസിനുള്ളില്‍ അടുക്കിവെച്ചിരിക്കുന്ന പുതിയ നോട്ടുകളും ദൃശ്യങ്ങളില്‍ കാണാം. 50 കോടിരൂപയുണ്ടെന്നാണ് നേതാവ് പറയുന്നത്. മോദി നോട്ട് നിരോധനം പ്രഖ്യാപിച്ച 2016 നവംബര്‍ എട്ട് മുതല്‍ ജനം നോട്ടുകള്‍ക്കായി തെരുവില്‍ അലയുമ്പോള്‍ ഈ പണം ബിജെപിക്ക് എവിടെ നിന്ന് കിട്ടിയെന്നാണ് പ്രതിപക്ഷ നേതാക്കള്‍ ചോദിക്കുന്നത്. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിക്കുമെന്നും പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.

30 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുടെ വിശ്വാസ്യത സംബന്ധിച്ച ചോദ്യത്തിന് അതേക്കുറിച്ചറിയില്ലെന്നായിരുന്നു പത്രസമ്മേളനത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാവ് കപിൽ സിബലിന്റെ മറുപടി. കൂടുതൽ ചോദ്യങ്ങൾ ഉയർന്നതോടെ നേതാക്കൾ പത്രസമ്മേളനം നിർത്തി സ്ഥലംവിട്ടു.

യു.പി.എ.യുടെ വ്യാജ സാർഥവാഹകസംഘം തട്ടിപ്പുമായി മുന്നോട്ടുപോകുകയാണെന്ന് ഇതേക്കുറിച്ച് ധനമന്ത്രി അരുൺ ജെയ്റ്റ്ലി പ്രതികരിച്ചു. വ്യാജയെദ്യൂരപ്പ ഡയറിക്കുശേഷം തട്ടിപ്പ് ഒളിക്യാമറ ഓപ്പറേഷൻ. യഥാർഥ പ്രശ്നങ്ങളില്ലാത്തപ്പോൾ തട്ടിപ്പിനെ ആശ്രയിക്കുകയാണ് പ്രതിപക്ഷം -ജെയ്റ്റ്ലി കുറ്റപ്പെടുത്തി.