കരാട്ടെ കരുത്തായി; പീഡിപ്പിക്കാന്‍ ശ്രമിച്ച മുപ്പത്തഞ്ചുകാരനെ പതിനഞ്ചുകാരി ഇടിച്ചിട്ടു; സംഭവം ആലപ്പുഴയില്‍

single-img
27 March 2019

സ്വരക്ഷയ്ക്കായി പഠിച്ച ആയോധന വിദ്യ സഹായമായി. വിദ്യാര്‍ഥിനി പീഡനശ്രമത്തില്‍ നിന്നു രക്ഷപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രാമങ്കരി ബ്ലോക്ക് നമ്പര്‍ 77ല്‍ സനീഷ്‌കുമാറിനെ (35) അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി കിടങ്ങറയില്‍ നിന്നാണ് പ്രതി പിടിയിലായത്.

പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തായ പ്രതി പെണ്‍കുട്ടിയുമായും പരിചയത്തിലായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ പ്രതിയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ ബലാത്കാരമായി വലിച്ചിഴച്ച് വീട്ടിനുള്ളിലാക്കി പീഢിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയം സനീഷിന്റെ വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. കരാട്ടെ അഭ്യസിച്ചിരുന്ന പെണ്‍കുട്ടി പ്രതിയെ ഇടിച്ച് വീഴ്ത്തി രക്ഷപെട്ട് വീട്ടിലേക്ക് പോയി.

എന്നാല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയിട്ടുണ്ടെന്നു പറഞ്ഞു പ്രതി നിരന്തരം കുട്ടിയെ ഭീഷണപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഞായര്‍ രാത്രി രണ്ടോടെ പ്രതി പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് ഇറങ്ങി വരാന്‍ ആവശ്യപ്പെടുകയും വന്നില്ലെങ്കില്‍ അച്ഛനെയും സഹോദരനെയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.

കുട്ടി അമ്മാവനോടു കാര്യം പറഞ്ഞതോടെയാണു വിവരം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ന്റ് ചെയ്തു.