ബി.ഡി.ജെ.എസ് ഉപാധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് പാര്‍ട്ടി വിടുന്നു

single-img
27 March 2019

അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ബിഡിജെഎസ് വിടുന്നു. മുന്നോക്കസംവരണം, ശബരിമല സ്ത്രീപ്രവേശനം എന്നീ വിഷയങ്ങളില്‍ പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ചാണ് അക്കീരമണ്‍ ബിഡിജെഎസ് വിടുന്നത്. ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് അക്കീരമണ്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടു.

എല്ലാ സമുദായങ്ങളെയും ഒരു വേദിയില്‍ അണിനിരത്തുകയെന്ന ലക്ഷ്യവുമായെത്തിയ ബി.ഡി.ജെ.എസിന് പാര്‍ട്ടിക്കുള്ളില്‍ തുല്യനീതി ഉറപ്പാക്കാനാകുന്നില്ലെന്നാണ് ഉപാധ്യക്ഷന്റെ ആക്ഷേപം. രണ്ടുതരം നീതിയാണ് പാര്‍ട്ടിക്കുള്ളില്‍ കാണുന്നത്. എല്ലാ സമുദായങ്ങളില്‍പ്പെട്ടവര്‍ക്കും തുല്യനീതിയെന്ന കാഴ്ചപ്പാടുമായാണ് പാര്‍ട്ടില്‍ ചേര്‍ന്നത്.

മുന്നോക്ക സംവരണം, ശബരിമല വിഷയം എന്നിവയിലെ പാര്‍ട്ടിയുടെ നിലപാടുകളും സ്വീകാര്യമല്ലായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. സ്വന്തം ആശയങ്ങള്‍ക്ക് അനുകൂലമല്ലാത്ത സാഹചര്യമായതുകൊണ്ട് സജീവ രാഷ്ട്രീയത്തില്‍നിന്ന് പിന്‍മാറുകയാണെന്നും അദ്ദേഹം തിരുവല്ലയില്‍ പറഞ്ഞു.

യോഗക്ഷേമസഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി മുന്നോട്ടുപോകാനാണ് കാളിദാസ ഭട്ടതിരിപ്പാടിന്റെ തീരുമാനം. ഏതാനും മാസങ്ങളായി ബിഡിജെഎസ് യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു അക്കീരമണ്‍.