‘പണി പാളുമോ’ എന്ന് പേടി; മുല്ലപ്പള്ളി രാമചന്ദ്രന്‍ വാര്‍ത്താസമ്മേളനം റദ്ദാക്കി

single-img
24 March 2019

വയനാട് സീറ്റിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രാവിലെ പതിനൊന്നിന് നടത്താനിരുന്ന വാര്‍ത്താസമ്മേളനം റദ്ദാക്കി. ഇന്നലെയും രാഹുല്‍ ഗാന്ധിയുടെ കാര്യത്തില്‍ വ്യക്തത വരുത്താന്‍ കേന്ദ്രനേതൃത്വം തയാറായിരുന്നില്ല.

കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം നാളെ ഡല്‍ഹിയില്‍ ചേരുന്നുണ്ട്. വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. അതേസമയം, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിയുടേതായിരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഇന്നുതന്നെ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ആശയക്കുഴപ്പമില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളത്തിനു പുറമെ കര്‍ണാടക, തമിഴ്‌നാട്, പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പിസിസികളും രാഹുല്‍ ഗാന്ധിയോട് അവരുടെ സംസ്ഥാനങ്ങളില്‍ നിന്നുകൂടി ജനവിധി തേടണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് എഐസിസി വ്യക്തമാക്കി.

വയനാട്ടില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുകൂല നിലപാട് അറിയിച്ചു എന്ന് സംസ്ഥാന നേതാക്കളാണ് ഇന്നലെ മാധ്യമങ്ങളെ അറിയിച്ചത്. അമേഠി കോണ്‍ഗ്രസ് കമ്മിറ്റിയും നീക്കത്തെ സ്വാഗതം ചെയ്ത് പ്രസ്താവന ഇറക്കിയിരുന്നു.

എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കേന്ദ്ര നേതൃത്വം തയ്യാറായിട്ടില്ല. ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍ നിന്ന് രാഹുല്‍ മത്സരിക്കണം എന്ന നിര്‍ദേശം ചര്‍ച്ചയില്‍ ഉണ്ടെന്നത് ശരിവച്ചു. കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലം എന്ന നിലയില്‍ വയനാട് സജീവ പരിഗണനയില്‍ ഉണ്ടെന്നും കുട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയാണ് അന്തിമ തീരുമാനം കൈക്കൊള്ളുക.

ബീഹാര്‍ പശ്ചിമ ബംഗാള്‍ പ്രചാരണപരിപാടിക്കള്‍ക്കായി പോയ രാഹുല്‍ ഗാന്ധി ഡല്‍ഹിയിലെത്തിയത് രാത്രിയോടെ ആയതിനാല്‍ തുടര്‍ ചര്‍ച്ചകള്‍ ഉണ്ടായില്ല. രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കും എങ്കില്‍ പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. വയനാട് രാഹുല്‍ മത്സരിക്കണമെന്ന ശക്തമായ ആവശ്യമാണ് സംസ്ഥാന നേതൃത്വം മുന്നോട്ടുവയ്ക്കുന്നത്.

സമാന ആവശ്യം തമിഴ്‌നാടും കര്‍ണാടകയും ഉന്നയിച്ചിട്ടുണ്ട്. അവരും ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. എന്നാല്‍ അമേഠിക്ക് പുറമെ മറ്റൊരു മണ്ഡലത്തില്‍ മത്സരിക്കുന്നത് ദോഷം ചെയ്യുമെന്ന വിലയിരുത്തല്‍ ഹൈക്കമാന്‍ഡിന് മുന്നിലുണ്ട്. അമേഠിയില്‍ കോണ്‍ഗ്രസിന് പരാജയ ഭീതി എന്ന ബി.ജെ.പി പ്രചരണത്തിന് ഊര്‍ജ്ജം നല്‍കുന്നതാകും നീക്കം എന്നാണ് വിലയിരുത്തല്‍.

കേന്ദ്രമന്ത്രി സ്മൃതി ഇറാനി അടക്കമുള്ള നേതാക്കള്‍ ഈ ആരോപണം ഉന്നയിച്ചു കഴിഞ്ഞു. വയനാട് ഇടത് സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാകും അന്തിമ തീരുമാനത്തിലെത്തുക. യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുടെ നിലപാടും നിര്‍ണായകമാകും.