സംസ്ഥാനത്ത് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

single-img
24 March 2019


സംസ്ഥാനത്ത് കൊടുംചൂട് തുടരുന്ന സാഹചര്യത്തില്‍ സൂര്യാതപത്തിന് മുന്നറിയിപ്പ്. നാളെയും മറ്റെന്നാളും അഞ്ചു ജില്ലകളില്‍ താപനില നാലു ഡിഗ്രിവരെ ഉയരാം. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ്. 10 ജില്ലകളില്‍ താപനില മൂന്നു ഡിഗ്രിവരെ ഉയരാം. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും രണ്ട് മുതല്‍ നാല് ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

സൂര്യാഘാതം ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കൈയില്‍ കരുതുക.

പരമാവധി ശുദ്ധജലം കുടിക്കുക. കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.

താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്. തൊഴില്‍ ദാതാക്കള്‍ ഈ നിര്‍ദേശം പാലിക്കുക.