പത്തനംതിട്ട സീറ്റിൽ ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനം നീട്ടിവച്ചത് ടോം വടക്കന് വേണ്ടിയാണോ; ബിജെപി കേന്ദ്രങ്ങളിൽ ആശങ്ക

single-img
22 March 2019

കോണ്‍ഗ്രസ് പാളയത്തില്‍ നിന്നും മറുകണ്ടം ചാടി ബിജെപിയിലേക്കെത്തിയ ടോം വടക്കൻ കൊല്ലത്ത് മത്സരിക്കുമെന്നു സൂചനകളുണ്ടായിരുന്നുവെങ്കിലും സ്ഥാനാർത്ഥി പ്രഖ്യാപനം വന്നപ്പോൾ ടോം വടക്കൻ സ്ഥാനാർഥിയായില്ല. ബിജെപി കേന്ദ്ര കമ്മിറ്റിയുടെ ഈ നീക്കം  സംസ്ഥാന ബിജെപി ഭാരവാഹികളിൽ ആശങ്ക വളർത്തിയിരിക്കുകയാണ്. ബിജെപി സ്ഥാനാർഥി നിർണയം പൂർത്തിയാക്കുവാനുള്ള പത്തനംതിട്ടയിൽ അപ്രതീക്ഷിതമായി ടോം വടക്കൻ കടന്നു വരുമോ എന്ന ചിന്തയിലാണ് സംസ്ഥാന ബിജെപി നേതൃത്വം.

കോൺഗ്രസ് പാർട്ടിയിൽ സീറ്റ് ലഭിക്കാത്തതിനേത്തുടര്‍ന്നാണ് ടോം വടക്കന്‍ ബിജെപിയിലേക്ക് പോയത്. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച ബിജെപി പട്ടികയില്‍ ടോം വടക്കന്റെ പേരില്ല. ഇതുവരെ പ്രഖ്യാപിച്ച 13 സീറ്റുകളിലും വടക്കന്റെ പേരില്ല. കഴിഞ്ഞ ദിവസത്തെ സ്ഥാനാർത്ഥി പ്രഖ്യാപനത്തെ തുടർന്നാണ് പത്തനംതിട്ടയെ സംബന്ധിച്ച ആശങ്ക ഉരുണ്ടുകൂടിയത്.

ആ സീറ്റിന് വേണ്ടിയാണ് കെ സുരേന്ദ്രനും പിഎസ് ശ്രീധരന്‍ പിള്ളയും പിടിവലികൂടുന്നത്.തൃശൂരോ ചാലക്കുടിയോ കിട്ടുമെന്നാണ് ടോം വടക്കന്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കൊല്ലം കൊടുക്കാമെന്ന് കേന്ദ്രനേതൃത്വം ധാരണയിലെത്തിയിരുന്നു. പക്ഷേ സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ച സാബു വര്‍ഗീസീനെ കൊല്ലത്ത് സ്ഥാനാര്‍ത്ഥിയാക്കിയതോടെ ആ പ്രതീക്ഷയും ഇല്ലാതാകുകയായിരുന്നു.

ബിജെപിയിലേക്ക് കടന്നുവന്ന മറ്റു പാർട്ടികളിലെ അംഗങ്ങൾക്കു രാജ്യസഭാ സീറ്റ് ഉൾപ്പെടെ കൊടുത്ത ചരിത്രമാണ്  ഇത്തരമൊരു ആശങ്കയ്ക്ക് കാരണം. കോൺഗ്രസിൽ മത്സരിക്കാന്‍ ഒരു സീറ്റ്. അതായിരുന്നു ടോം വടക്കന്റെ ലക്ഷ്യം. അതിനുള്ള ചരടുവലികള്‍ പലവട്ടം നടത്തി എല്ലാം പരാജയപ്പെട്ടപ്പോഴാണ് വടക്കന്‍ ബിജെപി പാളയത്തിലേക്ക് കൂടുമാറിയത്.

എ.ഐ.സി.സി മുന്‍വക്താവും മലയാളിയുമായ ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നെന്ന വാര്‍ത്ത കോണ്‍ഗ്രസിനെ ഞെട്ടിച്ചിരുന്നു. പുല്‍വാമ ആക്രമണത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.