ദുരിതാശ്വാസം എന്നതിൻ്റെ ഇപ്പോഴത്തെ അര്‍ത്ഥം ദുരിതം ജനങ്ങള്‍ക്കും ആശ്വാസം സിപിഎമ്മിനും: ശ്രീനിവാസൻ

single-img
22 March 2019

മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിനെതിരെ നടനും സംവിധായകനുമായ ശ്രീനിവാസൻ. രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒന്നും വിശ്വാസം തോന്നിയിട്ടില്ലെന്നും ഏകാധിപതികളായ ആളുകള്‍ ജനാധിപത്യത്തില്‍ വന്നുപോയതാണ് ഇന്നത്തെ പ്രധാന പ്രശ്‌നമെന്നും പറഞ്ഞു.  ഇത്തരം ആളുകളുടെ കടന്നുവരവ് സംഘര്‍ഷത്തിന് കാരണമാകുന്നുവെന്നും ശ്രീനിവാസൻ രക്തമാക്കി. മംഗളത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ശ്രീനിവാസൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

ദുരിതാശ്വാസം എന്നതിന്റെ ഇപ്പോഴത്തെ അര്‍ത്ഥം ദുരിതം ജനങ്ങള്‍ക്കും ആശ്വാസം സിപിഎമ്മിനുമാണ് എന്നതാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ നേതൃത്വത്തില്‍ നവകേരളം നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങളെപ്പറ്റി ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം.

കോടികള്‍ സമാഹരിച്ചിട്ടും പ്രളയ കെടുതികള്‍ ജനങ്ങള്‍ ഇപ്പോഴും അനുഭവിക്കുകയാണ്. പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ കോടികള്‍ വരുമ്പോള്‍ ഇവരൊക്കെ ഹാപ്പിയാണ്. യുഎഇയില്‍ നിന്നുള്ള കേരളത്തിലേക്കുള്ള കോടികളുടെ വരവ് നിലച്ചതോടെ ഇവരൊക്കെ പ്രതിഷേധിച്ചു. കേന്ദ്രം അനുവദിക്കുന്ന ഫണ്ടാണെങ്കില്‍ അത് കൃത്യമായി വിലയിരുത്താന്‍ അവരുടെ ആള്‍ക്കാരുണ്ട്.- ശ്രീനിവാസൻ പറയുന്നു.

വിജിലന്‍സ്, സിബിഐ, സിഎജി ഉള്‍പ്പെടെയുള്ള സംസ്ഥാന സംവിധാനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. പക്ഷേ നമ്മുടെ രാഷ്ട്രീയ സാഹചര്യത്തില്‍ വിവിധ പാര്‍ട്ടികളുടെ ടോപ് ലെവല്‍ നേതാക്കളെല്ലാം ഒറ്റക്കെട്ടാണ്. നോര്‍ത്തിന്ത്യയില്‍ ആണെങ്കിലും കേരളത്തിലാണെങ്കിലും അഴിമതി നടത്തുന്ന നേതാക്കളൊന്നും ശിക്ഷിക്കപ്പെടാറില്ലെന്നും  ശ്രീനിവാസൻ പറഞ്ഞു.

പ്രളയത്തിനിടയിലേക്ക് ശബരിമല ബോധപൂര്‍വം കടന്നുവന്ന വിഷയമാണ്. ശബരിമലയിലൂടെ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും കോടികളുടെ വരുമാനമാണു ലഭിക്കുന്നത്. ശബരിമലയുടെ പേരില്‍ ബാങ്കുകളില്‍ നിന്നും എടുക്കുന്ന വായ്പകള്‍ ഒരിക്കലും തിരിച്ചടക്കാറില്ലെന്നും  ശ്രീനിവാസൻ ചൂണ്ടിക്കാട്ടി.