‘കൊടുത്താല്‍ കൊല്ലത്തും കിട്ടും’; ന്യൂസിലന്റ് ഭീകരാക്രമണത്തെ പിന്തുണച്ച് സി.പി. സുഗതന്റെ പോസ്റ്റ്
ഫേസ്ബുക്കിലൂടെ നിരന്തം വര്‍ഗീയ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്ന ഹിന്ദു പാര്‍ലമെന്റ് നേതാവ് സി.പി സുഗതന് വീണ്ടും വിവാദവുമായി രംഗത്ത്. ന്യൂസിലാന്റില്‍ 49 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ വര്ഗീയവത്കരിച്ചാണ് നവോത്ഥാന വനിതാ മതില് സംഘാടന സമിതി ജോയന്റ് കണ്‍വീനറായിരുന്ന സി.പി സുഗതന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്.
ന്യൂസിലാന്റ് ഭീകരാക്രമണത്തെ കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നാണ് സുഗതന് വിശേഷിപ്പിച്ചത്. അതാണ് പ്രകൃതി നിയമമെന്നും, ഐ.എസ് ചെയ്തതിനുള്ളതാണ് ഇപ്പോള്‍ കിട്ടിയതെന്നും സുഗതന് പോസ്റ്റില്‍ പറയുന്നു. എന്നാല്‍ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ സുഗതന് പോസ്റ്റ് പിന്‍വലിച്ചു.
പോസ്റ്റ് പിന്‍വലിച്ചെങ്കിലും ഇതിന്റെ സ്ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്ത് നിരവധി പേര് സി.പി സുഗതനെതിരെ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. കൊല്ലപ്പെട്ടത് 49 മനുഷ്യ ജീവനുകളാണെന്നും കൊല്ലപ്പെടുന്നവരുടെ മതം നോക്കി ന്യായീകരണം നടത്തുന്ന താങ്കളെ ചങ്ങലക്കിടേണ്ട സമയം കഴിഞ്ഞുവെന്നുമാണ് ചിലര്‍ കമന്റില്‍ കുറിക്കുന്നത്.
ഹാദിയയുടെ അച്ഛന് താനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചുകീറി തീയിലെറിഞ്ഞ് ഉടലും തലയും രണ്ടാക്കി ജയിലില്‍ പോയേനെ എന്ന സുഗതന്റെ പരാമര്‍ശവും നേരത്തെ വലിയ വിവാദമായിരുന്നു.