‘വാദ്രയ്‌ക്കെതിരെ അന്വേഷണം നടത്തൂ; പക്ഷെ മോദിയ്‌ക്കെതിരെയും അന്വേഷണം വേണം; സ്ത്രീകളാണു പുരുഷന്മാരെക്കാള്‍ സ്മാര്‍ട്’; വിദ്യാര്‍ഥിനികളെ കയ്യിലെടുത്ത് രാഹുല്‍ഗാന്ധി

single-img
13 March 2019

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ചെന്നൈയില്‍ വന്‍ വരവേല്‍പ്പ്. രാവിലെ 11ന് ചെന്നൈയിലെത്തിയ രാഹുല്‍ സ്റ്റെല്ലാ മാരീസ് കോളേജിലെ പരിപാടിയിലാണ് ആദ്യം പങ്കെടുത്തത്. കോളേജ് വിദ്യാര്‍ത്ഥികളുമായി സംവദിച്ച രാഹുല്‍, തന്നെ സര്‍ എന്ന് വിളിച്ച വിദ്യാര്‍ത്ഥിനിയോട് രാഹുല്‍ എന്ന് വിളിക്കാന്‍ ആവശ്യപ്പെട്ടത് വേദിയെ കരഘോഷത്തിലാഴ്ത്തി. സംവാദത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി സര്‍ക്കാരിനേയും രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചു.

വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടിയാണ് രാഹുല്‍ നല്‍കിയത്. ഇത് കയ്യടിച്ചും ആര്‍പ്പുവിളിച്ചും വിദ്യാര്‍ഥിനികള്‍ വരവേറ്റു. പ്രത്യേകം തയാറാക്കിയ റാംപിലൂടെ വിദ്യാര്‍ഥിനികള്‍ക്കിടയിലേക്കു കടന്നു ചെന്ന് ഉത്തരങ്ങള്‍ നല്‍കി.

വനിതാ സംവരണ ബില്‍ പാസാക്കുമെന്നും വാഗ്ദാനം ചെയ്തു. പൊതുവെ സ്ത്രീകളാണു പുരുഷന്മാരെക്കാള്‍ സ്മാര്‍ട് എന്നാണ് തന്റെ അഭിപ്രായം. ഇക്കാര്യം കേട്ടതോടെ വേദി പൊട്ടുമാറു പെണ്‍കുട്ടികള്‍ കയ്യടിച്ചു. അഴിമതിക്കാരുടെ കൂട്ടത്തില്‍ റോബര്‍ട്ട് വാധ്‌രയുടെ പേരു പറയാത്തത് എന്ത് എന്ന് ഒരു വിദ്യാര്‍ഥിനി ചോദിച്ചപ്പോള്‍, ‘വാദ്രയ്‌ക്കെതിരെ അന്വേഷണം നടത്തൂ. ഞാനായിരിക്കും ആദ്യം ഇക്കാര്യം പറയുന്നത്. പക്ഷെ പ്രധാനമന്ത്രി മോദിയ്‌ക്കെതിരെയും അന്വേഷണം നടത്തണം’ രാഹുല്‍ഗാന്ധി പറഞ്ഞു. അന്വേഷണം നടത്തുന്നതില്‍ സര്‍ക്കാര്‍ വിവേചനം കാണിക്കരുതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

പാര്‍ലമെന്റില്‍ വെച്ച് പ്രധാനമന്ത്രി മോദിയെ കെട്ടിപ്പിടിച്ച തന്റെ നടപടി ആത്മാര്‍ഥമായ സ്‌നേഹത്തോടെയായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു. എപ്പോഴെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുപോലെ തുറന്നവേദിയില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോയെന്നും രാഹുല്‍ വിദ്യാര്‍ത്ഥികളോട് ചോദിച്ചു. ഡിഎംകെ നേതാവ് സ്റ്റാലിന്‍ അടക്കമുള്ള സഖ്യകക്ഷി നേതാക്കളും രാഹുലിനൊപ്പമുണ്ടായിരുന്നു. നാഗര്‍കോവിലില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ കൂടി പങ്കെടുത്ത ശേഷം രാഹുല്‍ കേരളത്തിലേക്ക് തിരിക്കും.