കോണ്‍ഗ്രസിനെ ഞെട്ടിച്ച് കെ സുധാകരന്റെ അപ്രതീക്ഷിത പിന്മാറ്റം; ലക്ഷ്യം വെക്കുന്നത് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം

single-img
11 March 2019

ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള സംസ്ഥാനത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക വൈകിയേക്കും. ഇന്നത്തെ സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ തീരുമാനമായില്ലെങ്കില്‍ 14ന് ശേഷമേ സ്ഥാനാര്‍ഥി പട്ടികയില്‍ അന്തിമ തീരുമാനമുണ്ടാകൂ. സ്‌ക്രീനിംങ് കമ്മിറ്റി യോഗത്തിന് മുന്നോടിയായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി.

അതിനിടെ മത്സരിക്കാനില്ലെന്ന് കെ.സുധാകരന്‍ നേതൃത്വത്തെ അറിയിച്ചു. കണ്ണൂരില്‍ നിന്ന് കെ.സുധാകരന്‍ വീണ്ടും മത്സരിക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അപ്രതീക്ഷിതമായാണ് സുധാകരന്റെ പിന്‍മാറ്റം. സംസ്ഥാന രാഷ്ടീയത്തില്‍ നില്‍ക്കാനാണ് താല്‍പര്യമെന്നും തന്റെ നിലപാട് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കെ.സുധാകരന്‍ വ്യക്തമാക്കി.

ഇതോടെ, സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനമാണ് ലക്ഷ്യം വെക്കുന്നതെന്നാണ് സൂചന. മുല്ലപ്പള്ളി രാമചന്ദ്രന്‍ വടകരയില്‍ മത്സരിച്ചാല്‍ ഈ സ്ഥാനം ലഭിക്കുമെന്നും അദ്ദേഹം കണക്കാക്കുന്നു. കെ.പി.സി.സി.പ്രസിഡന്റ് സ്ഥാനത്തോടുള്ള തന്റെ ആഗ്രഹം നേരത്തെ തന്നെ അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ കേന്ദ്ര നേതൃത്വം മുല്ലപ്പള്ളിയോടാണ് താത്പര്യം കാണിച്ചത്. സുധാകരനെ മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാരില്‍ ഒരാളാക്കുകയും ചെയ്തു.