ബിജെപിയുടെ ഐടി സെല്ലും വാർ റൂമും മുട്ടുമടക്കി: ആറു ദിവസങ്ങൾക്കു ശേഷവും ബിജെപി ഔദ്യോഗിക വെബ്സൈറ്റ് കോമയിൽ തന്നെ

single-img
11 March 2019

ബിജെപിയുടെ  ഔദ്യോഗിക വെബ്സെെറ്റ് ഹാക്ക് ചെയ്തിട്ട് ആറ് ദിവസം കഴിഞ്ഞിട്ടും ഇതുവരെ  ശരിയായിട്ടില്ല. ഹാക്ക് ചെയ്തതിനു ശേഷം ഉടൻ തിരിച്ചു വരുമെന്ന സന്ദേശം മാത്രമാണ് ഇപ്പോഴും അവിടെയുള്ളത്.അതേ സമയം ഹാക്ക് ചെയ്യപ്പെട്ട വെബ്‌സൈറ്റുകള്‍ തിരികെ കൊണ്ടു വരാന്‍ മണിക്കൂറുകള്‍കൊണ്ടു സാധിക്കും എന്നിരിക്കെ  ഗുരുതരമായ ഹാക്കിങ് ആണ് ഈ വെബ്സൈറ്റിൽ നടന്നിട്ടുള്ളതെന്നു സൂചനകൾ വ്യക്തമാക്കുന്നു.

രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് കടന്നപ്പോഴും  ബിജെപി വെബ്സൈറ്റ് കോമ അവസ്ഥയിൽ കിടക്കുന്നത് പ്രവർത്തകരെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തുന്നത്. ലോകത്തെ തന്നെ മികച്ച ഐടി വിദ​ഗ്ധരുള്ള സംഘമാണ്  തങ്ങളെന്ന് ബിജെപി അവകാശപ്പെടുമ്പോഴും ഔദ്യോഗിക വെബ്സൈറ്റിന് സംഭവിച്ച അവസ്ഥ ആ അവകാശവാദത്തെ ചോദ്യം ചെയ്യുകയാണ്. എല്ലാ ഡാറ്റയും ഹാക്കര്‍മാര്‍ കൈവശപ്പെടുത്തിയെന്നാണ്  സൂചനകൾ.

ഇടക്ക് ഗുജറാത്തിലെ കോണ്‍ഗ്രസ് വെബസൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിരുന്നവെങ്കിലും പെട്ടെന്ന് തന്നെ റിക്കവര്‍ ചെയ്തിരുന്നു. ഐടി വിദഗ്ധരുടെ കാര്യത്തിൽ യാതൊരു അവകാശവാദവും ഉന്നയിക്കാതെയായിരുന്നു  കോൺഗ്രസിൻ്റെ പ്രവർത്തനങ്ങൾ. എന്നാൽ കൊട്ടിഘോഷിക്കപ്പെട്ടു പ്രവർത്തനങ്ങളും നടത്തുന്ന ബിജെപിക്ക് സ്വന്തം വെബ്സൈറ്റ് തിരിച്ചുപിടിക്കാൻ കഴിയാത്തത് സോഷ്യൽ മീഡിയയിൽ പരിഹാസത്തിന് വഴിവച്ചിരിക്കുകയാണ്.