അന്തര്‍ദേശീയ വനിതാ ദിനം: ഇന്ന് സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ വനിതാ ഉദ്യോഗസ്ഥര്‍ പ്രധാന ചുമതലകള്‍ നിര്‍വഹിക്കും

single-img
7 March 2019

തിരുവനന്തപുരം: അന്തര്‍ദേശീയ വനിതാദിനമായ ഇന്ന് കേരളത്തിലെ പരമാവധി പോലീസ് സ്റ്റേഷനുകളില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ പ്രധാന ചുമതലകള്‍ നിര്‍വഹിക്കും. എസ് ഐ റാങ്കിലോ അതിന് മുകളിലോ ഉള്ള വനിതകള്‍ ആയിരിക്കും സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരുടെ ചുമതല നിര്‍വഹിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

ഇന്നത്തെ ദിവസം പോലീസ് സ്റ്റേഷനുകളില്‍ പൊതുജനങ്ങളുമായി ഇടപഴകുന്ന എല്ലാ പ്രവര്‍ത്തനങ്ങളും വനിതാ പോലീസ് ഉദ്യോഗസ്ഥരായിരിക്കും നിര്‍വഹിക്കുകയെന്ന് സംസ്ഥാന പോലീസ് ഇൻഫർമേഷൻ സെന്‍റർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഒന്നില്‍ കൂടുതല്‍ വനിതാ എസ്ഐമാര്‍ ഉള്ള സ്റ്റേഷനുകളില്‍ നിന്ന് അധികം ഉള്ളവരെ സമീപ സ്റ്റേഷനുകളിലെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരുടെ ചുമതലയിലേക്ക് നിയോഗിക്കും.

അതേസമയം, വനിതാ പോലീസ് ഓഫിസര്‍മാര്‍ ഇല്ലാത്ത സ്റ്റേഷനുകളില്‍ വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരെയും സിവില്‍ പോലീസ് ഓഫിസര്‍മാരെയും പെതുജനങ്ങളുമായി ഇടപഴകുന്നതിനായുള്ള ചുമതലകളിൽ നിയോഗിക്കും. ഇതിനായുള്ള നിർദ്ദേശം ജില്ലാ പോലീസ് മേധാവിമാര്‍ അവരവരുടെ അധികാര പരിധിയിലുള്ള പൊലീസ് സ്റ്റേഷനുകൾക്ക് നൽകി. അന്താരാഷ്‌ട്ര വനിതാദിനാചരണവുമായി ബന്ധപ്പെട്ട് മറ്റു വകുപ്പുകളും സ്ഥാപനങ്ങളും നടത്തുന്ന പരിപാടികളുമായി സഹകരിക്കാനും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.