വിമാനത്താവളങ്ങളുടെയും വിമാനസര്‍വീസുകളുടെയും സുരക്ഷ വര്‍ധിപ്പിക്കാന്‍ മുന്നറിയിപ്പ്

single-img
3 March 2019

പുല്‍വാമ ഭീകരാക്രമണത്തിനുശേഷം ലഭിച്ച രഹസ്യാന്വേഷണ വിവരങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങളുടെയും വിമാനസര്‍വീസുകളുടെയും സുരക്ഷ വര്‍ധിപ്പിക്കാന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബി.സി.എ.എസ്.) നിര്‍ദേശം നല്‍കി. രാജ്യത്തെ എയര്‍ സ്ട്രിപ്പുകള്‍, ഹെലിപ്പാഡുകള്‍, വ്യോമയാന പരിശീലനസ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സന്ദര്‍ശകരുടെ നിയന്ത്രണം, യാത്രികരുടെയും ജീവനക്കാരുടെയും കര്‍ശനപരിശോധന, പാര്‍ക്കിങ് മേഖലയിലെ വാഹന പരിശോധന എന്നിങ്ങനെ 20 അധിക സുരക്ഷാനടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇത് തുടരണം.

ഇക്കാര്യമറിയിച്ച് വിമാനത്താവളങ്ങളുടെയും വിമാനസര്‍വീസ് കമ്പനികളുടെയും സുരക്ഷാ മേധാവികള്‍, പോലീസ്-സി.ഐ.എസ്.എഫ്. അധികൃതര്‍ എന്നിവയ്ക്കാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി നോട്ടീസ് അയച്ചത്.

വിമാനത്താവളങ്ങളില്‍ ഭീകരവാദവിരുദ്ധ നടപടിക്രമങ്ങള്‍ ശക്തമാക്കാനും സി.ഐ.എസ്.എഫിന്റെ ഭാഗമായ ദ്രുതകര്‍മ സേനയെ വിന്യസിക്കാനും ബി.സി.എ.എസ്. മുന്നറിയിപ്പില്‍ നിര്‍ദേശിക്കുന്നു.