ചാനല്‍ ചര്‍ച്ചയില്‍ പാകിസ്ഥാനുമായി യുദ്ധത്തിന് പോകരുതെന്നു പറഞ്ഞ പ്രൊഫസറെ കോളേജില്‍ നിന്ന് പുറത്താക്കി

single-img
27 February 2019

ഒഡിയ ടി.വിയുടെ സംവാദ പരിപാടിക്കിടെയായിരുന്നു ഭുവനേശ്വറിലെ കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ മധുമിത റോയി പാകിസ്ഥാനുമായി ഇന്ത്യ യുദ്ധത്തിലേക്ക് പോകരുതെന്ന് പറഞ്ഞത്. മുന്‍ ആര്‍മി കേണല്‍ പൂര്‍ണചന്ദ്ര പട്‌നായിക് അടക്കമുള്ളവര്‍ പങ്കെടുത്ത ചര്‍ച്ചയിലായിരുന്നു മധുമിത ഇക്കാര്യം പറഞ്ഞത്.

കേണലിന്റെ അഭിപ്രായത്തോട് വിയോജിച്ചു കൊണ്ടാണ് മധുമിത യുദ്ധത്തിനെതിരെ പ്രതികരിച്ചത്. പരിപാടി സംപ്രേഷണം ചെയ്ത് രണ്ട് ദിവസത്തിന് ശേഷം കോളേജ് അധികൃതര്‍ പ്രൊഫസറോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് അദ്ധ്യാപികയോട് രാജി വയ്ക്കാനും ആവശ്യപ്പെട്ടു.

”കഴിഞ്ഞ 70വര്‍ഷത്തിലധികമായി ഇന്ത്യ പാകിസ്ഥാനുമായി പലതവണ യുദ്ധം നടത്തുന്നുണ്ട്. എന്തെങ്കിലും പ്രശ്‌നം പരിഹരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടുണ്ടോ,? ലോകത്തൊരിടത്തും യുദ്ധങ്ങള്‍ മുഖേന ഒരു പ്രശ്‌നവും പരിഹരിക്കപ്പെട്ടിട്ടില്ല. എന്റെ അഭിപ്രായം, ആവിഷ്‌കാര സ്വാതന്ത്ര്യങ്ങള്‍ അടിച്ചമര്‍ത്തുമെന്നതിനാലാണ് രാജി വച്ചത്” മധുമിത പറഞ്ഞു.

അതേസമയം, അദ്ധ്യാപികയുടെ ജോലി പോയത് നന്നായി എന്നായിരുന്നു പരിപാടിയില്‍ പങ്കെടുത്ത കേണലിന്റെ പ്രതികരണം. ഇത്തരത്തില്‍ സംസാരിക്കരുതെന്ന് അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. മധുമിത ഒരു ദേശവിരോധിയാണെന്നും കേണല്‍ അഭിപ്രായപ്പെട്ടു.