രണ്ടു പൈലറ്റുമാര്‍ കസ്റ്റഡിയിലുണ്ട്; സമാധാന ചര്‍ച്ചയ്ക്ക് ഇന്ത്യ തയാറാകണം: ഇമ്രാന്‍ ഖാന്‍

single-img
27 February 2019

അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഇന്ത്യ ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. നിയന്ത്രണ രേഖയിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെയാണ് പാക്ക് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. രണ്ടു ഇന്ത്യന്‍ പൈലറ്റുമാര്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ കസ്റ്റഡിയിലുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.

അതിര്‍ത്തിയില്‍ ഈ രീതിയില്‍ സൈനിക നടപടി മുന്നോട്ടുപോയാല്‍ ആരുടെ പരിധിയിലും നിയന്ത്രണം ഇല്ലാതെ വരുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയെക്കുറിച്ച് ഇന്ത്യയുമായി എല്ലാ തലത്തിലും പാക്കിസ്ഥാന്‍ ചര്‍ച്ചയ്ക്ക് തയാറാണ്. പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തോട് സഹകരിക്കാന്‍ തയാറാണെന്നും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി അറിയിച്ചു.

അതേസമയം, പാക്കിസ്ഥാന്‍ വ്യോമസേന അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. പാക്കിസ്ഥാന്റെ ഒരു പോര്‍വിമാനം ഇന്ത്യ വെടിവച്ചിട്ടു. പാക്കിസ്ഥാന്റെ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ പോര്‍വിമാനം തകര്‍ന്നതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു. മിഗ് 21 ബൈസണ്‍ വിമാനമാണ് തകര്‍ന്നത്. വിമാനത്തിന്റെ പൈലറ്റിനെ കാണാനില്ല. പൈലറ്റിനെ തടവിലാക്കിയെന്ന പാകിസ്ഥാന്റെ വാദം പരിശോധിക്കുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു