ശത്രുവിനെ അകത്ത് കയറി തകര്‍ത്തുവെന്ന് അക്ഷയ് കുമാര്‍; ഇതൊരു യുദ്ധത്തിന്റെ തുടക്കമല്ല അവസാനമാണെന്ന് സാമന്ത

single-img
26 February 2019

അതിര്‍ത്തിയിലെ പ്രകോപനങ്ങള്‍ക്കും പുല്‍വാമ ഭീകരാക്രമണത്തിനും ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തെ അഭിനന്ദിച്ച് സിനിമാ ക്രിക്കറ്റ് താരങ്ങളും. ഇന്ത്യന്‍ വ്യോമസേനയില്‍ അഭിമാനംകൊള്ളുന്നുവെന്നും ശത്രുവിനെ അകത്ത് കയറി തകര്‍ത്തുവെന്നും അക്ഷയ് കുമാര്‍ കുറിച്ചു.

ഇതൊരു യുദ്ധത്തിന്റെ തുടക്കമല്ല അവസാനമാണെന്നായിരുന്നു സമാന്തയുടെ പ്രതികരണം. മികച്ചവരുമായി പോരിന് വന്നാല്‍ മറ്റുള്ളവരെ പോലെ മരിക്കാം–അജയ് ദേവ്ഗണ്‍ കുറിച്ചു. ‘എത്ര നല്ല പ്രഭാതം, നന്ദി നരേന്ദ്രമോദി സാര്‍, സല്യൂട്ട് ഇന്ത്യന്‍ ആര്‍മി’–പരേഷ് റാവല്‍ ട്വീറ്റ് ചെയ്തു.

‘പിള്ളേര്‍ നന്നായി കളിച്ചു’ എന്നായിരുന്നു സെവാഗിന്റെ ട്വീറ്റ്. പിന്നാലെ ഗംഭീറിന്റെ ട്വീറ്റുമെത്തി. ‘ജയ് ഹിന്ദ്, ഇന്ത്യന്‍ വ്യോമസേന’ എന്ന് ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന് സല്യൂട്ട് എന്നായിരുന്നു കൈഫിന്റെ ട്വീറ്റ്.

അതേസമയം, ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാക്ക് അധിനിവേശ കശ്മീരിലെ മൂന്നു ഭീകരതാവളങ്ങളില്‍ ആക്രമണം നടത്തിയ നടപടി നീണ്ടത് 21 മിനിറ്റെന്നു റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ വ്യോമസേനയുടെ മിറാഷ് 2000 വിമാനങ്ങള്‍ പാക് ചാര റഡാറുകളുടെ കണ്ണില്‍ പെടാതെ 50 മൈല്‍ ഉള്ളില്‍ കടന്നെത്തിയാണ് ഭീകരതാവളങ്ങള്‍ ആക്രമിച്ചതെന്നും റിപ്പോര്‍ട്ട് ഉണ്ട്.

ബാലാകോട്ട്, മുസാഫറാബാദ്, ചകോതി എന്നിവിടങ്ങളിലെ ഭീകര പരിശീലന ക്യാംപുകളിലാണ് 1000 കിലോയോളം സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് മിറാഷ് യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത്. മുസാഫറാബാദിന് 24 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറ് ബാലാകോട്ടില്‍ പുലര്‍ച്ചെ 3.45 നും 3.53 നും ഇടയിലാണ് ആക്രമണം നടത്തിയത്.

ജയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തയിബ, ഹിസ്ബുല്‍ മുജാഹിദ്ദീന്‍ എന്നീ പാക് ഭീകരസംഘടനകളുടെ സംയുക്ത പരിശീലന ക്യാംപുകളാണ് ഇവിടെ തകര്‍ത്തത്. മുസാഫറാബാദില്‍ 3.48 മുതല്‍ 3.55 വരെയായിരുന്നു ആക്രമണം. ചകോതിയില്‍ 3.58 മുതല്‍ 4.04 വരെ ആക്രമണം നീണ്ടു.