ഇന്ത്യയുടെ തിരിച്ചടിയില്‍ തകര്‍ന്നത് മൂന്ന് ജയ്‌ഷെ ഇ മുഹമ്മദ് കണ്‍ട്രോള്‍ റൂമുകള്‍: ആക്രമണത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് പാക്കിസ്ഥാന്‍

single-img
26 February 2019

അതിര്‍ത്തിയിലെ പ്രകോപനങ്ങള്‍ക്കും പുല്‍വാമ ഭീകരാക്രമണത്തിനും തിരിച്ചടി നല്‍കി ഇന്ത്യ. പുലര്‍ച്ചെ മൂന്നരക്ക് പാക് ഭീകര ക്യാമ്പുകളില്‍ ഇന്ത്യന്‍ മിറാഷ് വിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. 50 കിലോമീറ്ററോളം കടന്നു ചെന്നാണ് 12 മിറാഷ് വിമാനങ്ങള്‍ ആക്രമണം നടത്തിയത്. ഏതാണ്ട് 1000 കിലോഗ്രാം ബോംബ് ഭീകരര്‍ക്കെതിരെ വര്‍ഷിച്ചതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്തു. ലേസര്‍ ഘടിപ്പിച്ച ബോംബുകളാണ് ഉപയോഗിച്ചതെന്നാണ് വിവരം.

മൂന്ന് ജയ്‌ഷെ ഇ മുഹമ്മദ് കണ്‍ട്രോള്‍ റൂമുകള്‍ തകര്‍ത്തതായാണ് വിവരം. ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് ബാലകോട്ട്, ചകോട്ടി, മുസാഫര്‍ബാദ് എന്നിവിടങ്ങളിലെ ഭീകരതാവളങ്ങളാണ് ബോംബുകള്‍ വര്‍ഷിച്ച് ഇന്ത്യ തകര്‍ത്ത് തരിപ്പണമാക്കിയത്.

കൃത്യമായി പാക് അധീനകശ്മീരിലെ ജയ്‌ഷെ ക്യാംപുകളുടെ ജിയോഗ്രഫിക്കല്‍ കോര്‍ഡിനേറ്റുകള്‍ ഇന്ത്യന്‍ സൈന്യത്തിന് കിട്ടിയിരുന്നു. ഈ ക്യാമ്പുകളുടെ കൃത്യമായ സ്ഥാനം കണ്ടെത്തി എങ്ങനെ ആക്രമണം നടത്തണമെന്ന് ആസൂത്രണം ചെയ്തു. തുടര്‍ന്നാണ് അപ്രതീക്ഷിതമായി വ്യോമാതിര്‍ത്തി കടന്ന് ആക്രമണം നടത്തി മടങ്ങിയത്.

പുല്‍വാമയ്ക്ക് ശേഷം അതിര്‍ത്തിയില്‍ പാകിസ്ഥാനും ജാഗ്രതയിലാണെന്ന് സൈന്യം കണക്കുകൂട്ടിയിരുന്നു. ഇതെല്ലാം കണക്കാക്കിയാണ് ആക്രമണം ആസൂത്രണം ചെയ്തത്. ഇന്ത്യന്‍ സമയം 3.30 ന് ഇന്ത്യന്‍ സൈന്യം പാക് അധീന കാശ്മീരിലെ ചില ഭീകരക്യാമ്പുകള്‍ തകര്‍ത്തു എന്നാണ് ഇന്ത്യന്‍ വ്യോമസേനയെ ഉദ്ദരിച്ചുകൊണ്ട് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നേരത്തെ ഇന്ത്യന്‍ വ്യോമസേന നിയന്ത്രണരേഖ ലംഘിച്ചെന്ന് പാക്കിസ്ഥാന്‍ ആരോപിച്ചിരുന്നു.