അതിര്‍ത്തി കനത്ത ജാഗ്രതയില്‍; ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തരയോഗം

single-img
26 February 2019

പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താന് ഇന്ത്യന്‍ സൈന്യം തിരിച്ചടി നല്‍കിയതിന് പിന്നാലെ, ഡല്‍ഹിയില്‍ ദേശീയ സുരക്ഷാകാര്യ മന്ത്രിസഭാ സമിതിയുടെ യോഗം തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ആരംഭിച്ച യോഗത്തില്‍ കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അരുണ്‍ ജെയ്റ്റ്‌ലി, നിര്‍മ്മല സീതാരാമന്‍, സുഷമ സ്വരാജ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.

യോഗത്തിനുശേഷം ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തെ സംബന്ധിച്ച് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്നാണ് സൂചന. അതിനിടെ ഇന്ത്യന്‍ സൈന്യം കനത്ത ജാഗ്രതയില്‍. പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായ വെടിവെപ്പ് നടക്കുന്നു എന്നാണ് വിവരം.

ഇന്ത്യയും ശക്തമായി തിരിച്ചടിക്കുകയാണ്. ഇന്ത്യ പാക് നിയന്ത്രണരേഖയുടെ സമീപത്ത് വെച്ചാണ് പാകിസ്ഥാന്‍ ഇപ്പോള്‍ വെടിവെപ്പ് നടത്തുന്നത്. നിയന്ത്രണരേഖയ്ക്ക് സമീപത്തെ ഗ്രാമങ്ങള്‍ക്കെല്ലാം നേരത്തെ തന്നെ ഇന്ത്യയും പാകിസ്ഥാനും ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. പാക് അധീനകാശ്മീരിലെ നിയന്ത്രണരേഖയോട് ചേര്‍ന്ന ഗ്രാമങ്ങള്‍ പാകിസ്ഥാനും ഒഴിപ്പിക്കുകയാണ്.

റിപ്പോര്‍ട്ട് പ്രകാരം പാകിസ്ഥാനുള്ളിലെ മൂന്ന് കേന്ദ്രങ്ങളാണ് ഇന്ത്യന്‍ വ്യോമസേന തകര്‍ത്തിരിക്കുന്നത്. പാക് അധീന കാശ്മീരിനപ്പുറം പാകിസ്ഥാനകത്തേക്ക് കടന്ന് ചെന്നുള്ള ആക്രമണമായത് കൊണ്ട് പാകിസ്ഥാന്‍ എങ്ങനെ പ്രതികരിക്കുമെന്ന് പറയാനാവില്ല. അത് കൊണ്ട് ഇന്ത്യന്‍ സേന എല്ലാവിധത്തിലുമുള്ള കരുതല്‍ എടുത്തിട്ടുണ്ടെന്നും സൈന്യം അറിയിച്ചിട്ടുണ്ട്. ഡല്‍ഹി ഉള്‍പ്പെടെയുള്ള പ്രധാനകേന്ദ്രങ്ങളെല്ലാം കനത്ത ജാഗ്രതയിലാണ്.