‘അജിത് ഡോവലിനെ ചോദ്യംചെയ്താല്‍ പുല്‍വാമയുടെ ചുരുളഴിയും’; മോദി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി താക്കറെ

single-img
25 February 2019

പുല്‍വാമ ഭീകരാക്രമണത്തില്‍ സംശയം പ്രകടിപ്പിച്ച് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ തലവന്‍ രാജ് താക്കറെ. പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികര്‍ ‘രാഷ്ട്രീയ ഇരകള്‍’ ആണെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ചോദ്യം ചെയ്താല്‍ സത്യം പുറത്താകുമെന്നും അദ്ദേഹം തുറന്നടിച്ചു.

പുല്‍വാമ ഭീകരാക്രമണം നടക്കുമ്പോള്‍ കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ ഷൂട്ടിങിന്റെ തിരക്കിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും താക്കറെ പറഞ്ഞു. ഭീകരാക്രമണം നടന്ന വിവരം അറിഞ്ഞിട്ടും മോദി ഷൂട്ടിങ് തുടര്‍ന്നുവെന്നും താക്കറെ കുറ്റപ്പെടുത്തി.

മിക്ക സര്‍ക്കാരുകളും വ്യാജ ഭീകരാക്രമണങ്ങള്‍ സൃഷ്ടിക്കാറുണ്ട്. എന്നാല്‍ കൂടുതല്‍ നടക്കുന്നത് മോദിയുടെ ഭരണത്തിലാണെന്നും അദ്ദേഹം ആരോപിച്ചു. താക്കറെയുടെ ആരോപണത്തെ പിന്തുണച്ച് നിരവധി പേര്‍ ട്വിറ്ററില്‍ രംഗത്തുവന്നിട്ടുണ്ട്. താക്കറെയുടെ ആരോപണത്തില്‍ കാര്യമുണ്ടെന്നും അജിത് ഡോവലിന്റെ വീഴ്ചയെ കുറിച്ച് ആരും സംസാരിക്കുന്നില്ലെന്നുമാണ് പലരുടെയും അഭിപ്രായം.

പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യം കരഞ്ഞ മണിക്കൂറുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കോര്‍ബെറ്റിലെ ദേശീയ പാര്‍ക്കില്‍ മുതലകളെ നോക്കി ബോട്ടില്‍ സഞ്ചരിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. 6:30 വരെ ഷൂട്ടിങ് തുടര്‍ന്നു. 6:45ന് ചായയും ലഘുഭക്ഷവും കഴിച്ചു.

അപ്പോഴേക്കും പുല്‍വാമയില്‍ ഭീകരാക്രമണം നടന്ന് 4 മണിക്കൂര്‍ പിന്നിട്ടു. മോദിയുടെ നടപടി എത്ര ഭയാനകമാണെന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല കുറ്റപ്പെടുത്തിയത്. കശ്മീരിലെ ആക്രമണം അറിഞ്ഞിട്ടും മോദി നാല് മണിക്കൂര്‍ ചിത്രീകരണം തുടര്‍ന്നുവെന്ന് പറഞ്ഞ കോണ്‍ഗ്രസ്, ചിത്രീകരണത്തിന്റെ ഫോട്ടോയും പുറത്തുവിട്ടിരുന്നു.