പ്രിയങ്കാ ഗാന്ധിക്ക് പിന്നാലെ റോബര്‍ട്ട് വാദ്രയും രാഷ്ട്രീയത്തിലേക്ക്?

single-img
24 February 2019

പ്രിയങ്കാ ഗാന്ധിക്ക് പിന്നാലെ ഭർത്താവ് റോബര്‍ട്ട് വാദ്രയും സജീവ രാഷ്ട്രീയത്തിലേക്കെന്നു സൂചന. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പായി കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി ചുമതലയേറ്റത്തിന് പിന്നാലെയാണ് റോബര്‍ട്ട് വാദ്രയും രാഷ്ട്രീയ പ്രവേശന സൂചന നല്‍കുന്നത്. ജനങ്ങളെ കൂടുതല്‍ സേവിക്കാന്‍ കഴിയും വിധമുള്ള വലിയ ഉത്തരവാദിത്തങ്ങളിലേയ്ക്ക് ഇറങ്ങാന്‍ താന്‍ സന്നദ്ധനാണ് എന്നാണ് ഫെസ്ബൂക് പോസ്റ്റില്‍ റോബര്‍ട്ട് വാദ്ര പറയുന്നത്.

എനിക്ക് ജനങ്ങളെ സേവിക്കാന്‍ രാഷ്ട്രീയത്തിലിറങ്ങണമെന്നില്ല. പക്ഷെ ഞാന്‍ രാഷ്ട്രീയത്തിലേയ്ക്ക് വകുകയാണെങ്കില്‍ എനിക്ക് വലിയ മാറ്റമുണ്ടാക്കാനാകും. പിന്നെ എന്തുകൊണ്ട് ആയിക്കൂടാ. എന്നാല്‍ അത് തീരുമാനിക്കേണ്ടത് ജനങ്ങളാണ്- റോബര്‍ട്ട് വാദ്ര പറഞ്ഞു.

കൂടാതെ തനിക്കെതിരായ അന്വേഷണങ്ങള്‍ രാഷ്ട്രീയവേട്ടയാണ് എന്ന് വാദ്ര ആവര്‍ത്തിക്കുന്നു. ഒരു പതിറ്റാണ്ടിലധികമായി വിവിധ സര്‍ക്കാരുകള്‍ എന്റെ പിന്നാലെ അന്വേഷണവുമായി വന്നു. രാജ്യത്തെ വിവിധ പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനായി എന്റെ പേര് ഉപയോഗിച്ചു. ആരോപണങ്ങളില്‍ യാതൊരു കഴമ്പുമില്ലെന്ന സത്യം ജനങ്ങള്‍ തിരിച്ചറിഞ്ഞു – വാദ്ര അവകാശപ്പെട്ടു.

2005-2010 കാലത്തെ 12 മില്യണ്‍ പൗണ്ടിന്റെ ലണ്ടന്‍ വസ്തു ഇടപാടിലെ ക്രമക്കേടില്‍ റോബര്‍ട്ട് വാദ്രക്ക് പങ്കുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ ആരോപണം. മാത്രമല്ല. പണ തട്ടിപ്പ് കേസിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നേരിടുന്ന വാദ്രയെ പല തവണ ചോദ്യം ചെയ്തിരുന്നു.