പുൽവാമ തീവ്രവാദി ആക്രമണം പ്രധാനമന്ത്രി അറിഞ്ഞിരുന്നില്ല എന്ന വാദം തെറ്റ്; മോദി 4.30 ന് മൊബൈൽ ഫോൺ വഴി ബിജെപി റാലിയെ അഭിസംബോധന ചെയ്തിരുന്നു

single-img
23 February 2019

മോശം കാലാവസ്ഥ കാരണം പ്രധാനമന്ത്രിയെ ഫോണിൽ ബന്ധപ്പെടാൻ കഴിയാത്ത കാരണമാണ് പുൽവാമ തീവ്രവാദി ആക്രമണം പ്രധാനമന്ത്രി അറിയാതെ പോയതെന്ന വാദം തെറ്റ് എന്ന് രേഖകൾ. 3.10നാണ് പുൽവാമയിൽ 40 സിആർപിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനം നടക്കുന്നത്. എന്നാൽ ഇതിനു ശേഷവും പ്രധാനമന്ത്രി നരേന്ദ്രമോദി ജിം കോർബറ്റ് ദേശീയോദ്യാനത്തിൽ ഡിസ്കവറി ചാനലിന് വേണ്ടി ഷൂട്ടിങ് തിരക്കിലായിരുന്നു എന്നാണ് കോൺഗ്രസ് ആരോപണം ഉന്നയിക്കുന്നത്.

എന്നാൽ പ്രാദേശിക ടിവി ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം 4.30ന് പ്രധാനമന്ത്രി രുദ്രപുരിൽ ബിജെപിയുടെ റാലി മൊബൈൽ ഫോൺ മുഖേന അഭിസംബോധന ചെയ്തിരുന്നു. ഇതിൽ കോൺഗ്രസ്സ് പാർട്ടിയെയും അവരുടെ കർഷക വിരുദ്ധ നിലപാടുകളെയും കുറിച്ച് രൂക്ഷവിമർശനം മോദി ഉന്നയിച്ചിരുന്നു. എന്നാൽ 4.35 ന് മൊബൈൽ ഫോണിൻറെ സിഗ്നലുകൾ തകരാറിലായതിനെത്തുടർന്ന് മോദി പ്രസംഗം അവസാനിപ്പിച്ചിരുന്നു.

ബിജെപി റാലിയെ ഫോൺവഴി അഭിസംബോധനചെയ്യാൻ മോദിക്ക് കഴിഞ്ഞെങ്കിൽ എന്തുകൊണ്ട് പുൽവാമയിൽ നടന്ന ഭീകരാക്രമണം മോദി അറിയിക്കാൻ കഴിഞ്ഞില്ല എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചോദിക്കുന്നത്. കൂടാതെ 4.30ന് രുദ്രപുരിൽ ബിജെപി റാലിയെ അഭിസംബോധന ചെയ്ത ശേഷവും പ്രധാനമന്ത്രി
ജിം കോർബറ്റ് നാഷണൽ പാർക്കിൽ തന്നെ തങ്ങുകയായിരുന്നു. 6.45നും 7.30 നും ഇടക്കുള്ള സമയത്താണ് ജിം കോർബറ്റ് നാഷണൽ പാർക്കിൽ നിന്ന് പുറത്തു പോയത് എന്നാണ് ഹിന്ദി പത്രമായ അമർ ഉജാല റിപ്പോർട്ട് ചെയ്തത്. അതായത് 3.10ന് നടന്ന ഭീകരാക്രമണത്തിനുശേഷം ഏതാണ്ട് മൂന്ന് നാല് മണിക്കൂറുകൾക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തുവന്നത്. ഇതും കോൺഗ്രസ്സ് ഉന്നയിക്കുന്ന ആരോപണം ശരിവെക്കുന്നു.

ഇതുവരെ ബിജെപി ഈ ആരോപണങ്ങൾ തെറ്റാണ് എന്ന് സ്ഥാപിക്കാനുള്ള വിവരങ്ങൾ ഒന്നും പുറത്തു വിട്ടിട്ടില്ല.