മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി അലങ്കോലപ്പെടുത്തുമെന്ന് യുവാവിൻ്റെ വാട്സ്ആപ്പ് ഭീഷണി; രാത്രി വീട്ടിൽ കയറി പൊക്കി പൊലീസ്
മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്ന കാഞ്ഞങ്ങാട്ടെ പരിപാടി അലങ്കോലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. സംഭവത്തിൽ പടന്നക്കാട് സ്വദേശിയായ യുവാവിനെ വ്യാഴാഴ്ച രാത്രി പോലീസ് പിടികൂടി.
അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡിൽ മുഖ്യമന്ത്രി നടത്തുന്ന പരിപാടി അലങ്കോലപ്പെടുത്തുമെന്ന് വാട്സ്ആപ് സന്ദേശമിടുകയായിരുന്നു. കല്ല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തെത്തുടർന്ന് അന്തരീഷം കലുഷിതമായിരിക്കെയാണ് മുഖ്യമന്ത്രി ഇന്ന് കാസർഗോഡ് എത്തുന്നത്.
ഇന്ന് രാവിലെ പത്തിന് കാസർകോട്ട് സിപിഎമ്മിന്റെ പുതിയ ജില്ലാ ഓഫീസിന് തറക്കല്ലിടലും 11-ന് കാഞ്ഞങ്ങാട്ട് സർക്കാരിന്റെ ആയിരം ദിനാഘോഷം ഉദ്ഘാടനവുമാണ് പരിപാടി. എന്നാൽ കൊല്ലപ്പട്ടവരുടെ വീടുസന്ദർശനം മുഖ്യമന്ത്രിയുടെ പരിപാടിയിലില്ല.
കാഞ്ഞങ്ങാട്ട് മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന വേദിക്ക് ഒരു കിലോമീറ്റർ അകലെ ജില്ലാ കോൺഗ്രസ് കമ്മിറ്റി മാർച്ച് നടത്തുന്നുണ്ട്.