വസന്തകുമാറിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു

single-img
20 February 2019

പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ജവാന്‍ വി വി വസന്തകുമാറിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. വയനാട് തൃക്കൈപ്പറ്റയിലെ തറവാട് വീട്ടിലാണ് മുഖ്യമന്ത്രി എത്തിയത്. വസന്തകുമാറിന്റെ കുടുംബത്തെ സഹായിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ നേരിട്ടറിയിക്കുന്നതിനായാണ് മുഖ്യമന്ത്രി എത്തിയത്.

മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രനും ഇ പി ജയരാജനും ഉണ്ടായിരുന്നു. വസന്തകുമാറിന്റെ കുടുംബവുമായി സംസാരിച്ച മുഖ്യമന്ത്രി എല്ലാ സഹായങ്ങളും പിന്തുണയും വാഗ്ദാനം ചെയ്തു. വസന്തകുമാറിന്റെ ഭാര്യ ഷീനയുടെ ജോലി സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

വയനാട് വെറ്റിനറി സര്‍വകലാശാലയില്‍ താല്‍ക്കാലിക ജീവനക്കാരിയായ ഷീനയ്ക്ക് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് തസ്തികയില്‍ ജോലി നല്‍കാനായിരുന്നു തീരുമാനം. ഇതില്‍ താല്‍പര്യമില്ലെങ്കില്‍ എസ് ഐ തസ്തികയില്‍ ജോലി നല്‍കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

വസന്തകുമാറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 25 ലക്ഷം രൂപ ധനസഹായം നേരത്തെ പ്രഖ്യാപിച്ചിരുന്നു. വസന്തകുമാറിന്റെ അമ്മയ്ക്ക് 10 ലക്ഷം രൂപയും ഭാര്യയ്ക്ക് 15 ലക്ഷം രൂപയും നല്‍കാനാണ് മന്ത്രി സഭായോഗ തീരുമാനം.