തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉല്‍സവങ്ങളിൽ എഴുന്നള്ളിക്കുന്നതിന് വിലക്ക്; ചെറിയ ശബ്ദംപോലും അസ്വസ്ഥതപ്പെടുത്തുന്നുവെന്ന് നിഗമനം

single-img
11 February 2019

സംസ്ഥാനത്ത്    ഇന്ന് ജീവിച്ചിരിപ്പുളളതില്‍ ഏറ്റവും ഉയരമുള്ള ആനയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉല്‍സവത്തിന് എഴുന്നള്ളിക്കുന്നതിന് വിലക്ക്. ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചതിന് ശേഷം മാത്രമേ ഈ ആനയെ ഇനി എഴുന്നള്ളിപ്പിന് അനുവദിക്കാന്‍ പാടുള്ളൂ എന്നാണ് വനം വകുപ്പിന്റെ നിര്‍ദേശം. പതിനഞ്ച് ദിവസത്തേക്കാണ് വനംവകുപ്പ് വിലക്ക് ഏര്‍പ്പെടുത്തിയത്.

രണ്ടുദിവസം മുന്‍പ് ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ഉത്സവത്തിനിടെ വിരണ്ടോടിയ ആനയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. മദപ്പാടിന്റെ ലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും ചെറിയ ശബ്ദം പോലും കേട്ടാല്‍ വിരളുന്ന അവസ്ഥയുണ്ടെന്നാണ് നിഗമനം.

ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ഉല്‍സവത്തിനിടെ ആനയ്ക്ക് പുറകില്‍ പടക്കംപൊട്ടിച്ചതാണ് ആന വിരണ്ടോടാന്‍ കാരണം. സമീപത്തു നില്‍ക്കുകയായിരുന്നു ബാബുവിനെ ആന ചവിട്ടുകയായിരുന്നു. ഇതിന് മുന്‍പും ഇത്തരത്തില്‍ ജീവനെടുക്കുന്ന സംഭവത്തില്‍ രാമചന്ദ്രന്‍ കുപ്രസിദ്ധനാണ്.

കേരളത്തില്‍ ഇന്ന് ജീവിച്ചിരിപ്പുള്ളതില്‍ ഏറ്റവും ഉയരമുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ഉടമസ്ഥയിലുള്ള രാമചന്ദ്രന്‍. അമ്പത് വയസിലേറെ പ്രായമുള്ള ആനക്ക് കാഴ്ചശക്തി കുറവാണ്.