ശബരിമലയിൽ കുംഭമാസ പൂജക്കായി നട തുറക്കുമ്പോഴും നിരോധനാജ്ഞ വേണമെന്ന് പൊലീസ്
കുംഭമാസ പൂജക്കായി ശബരിമല നട തുറക്കുമ്പോൾ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് പൊലീസ്. നാളെ നട തുറക്കുന്ന സാഹചര്യത്തിൽ ഇന്ന് രാത്രി മുതൽ ഫെബ്രുവരി 17 വരെ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നാണ് ജില്ല കലക്ടർക്ക് നൽകിയ റിപ്പോർട്ടിൽ എസ്.പി ആവശ്യപ്പെട്ടത്.
ശബരിമല യുവതി പ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധി പറയുന്നത് മാറ്റിയ സാഹചര്യത്തിൽ കുംഭമാസ പൂജാവേളയിലും സന്നിധാനത്ത് അശാന്തിക്ക് വഴിവെച്ചേക്കാമെന്നാണ് പൊലീസിന്റെ നിരീക്ഷണം. എന്നാൽ നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് കലക്ടർ മാധ്യമങ്ങളെ അറിയിച്ചു.
കേസിൽ അന്തിമ വിധി വരുംമുമ്പ് ഇനി യുവതി പ്രവേശനമുണ്ടാകാതെ നോക്കൽ തങ്ങളുടെ അഭിമാന പ്രശ്നമായാണ് ആർ.എസ്.എസ്, ബി.ജെ.പി നേതൃത്വം കരുതുന്നത്. ഈ സാഹചര്യത്തിലാണ് പോലീസ് നിരോധനാജ്ഞ വേണമെന്ന് ആവശ്യപ്പെടുന്നത്.