തുഷാർ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട: അമിത്ഷായുടെ നിർദേശം തള്ളി വെള്ളാപ്പള്ളി നടേശൻ

single-img
7 February 2019

ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.  തുഷാർ മത്സരിക്കേണ്ട എന്നാണ് തൻ്റെ അഭിപ്രായമെന്നും സ്എന്‍ഡി യോഗത്തിന്റെ ഭാരവാഹികള്‍ ആരും മത്സരിക്കാതിരിക്കുന്നതാണ് നല്ലതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

തുഷാര്‍ വെള്ളാപ്പള്ളി എസ്എന്‍ഡിപി യോഗത്തിന്റെ വൈസ് പ്രസിഡന്റാണ്. യോഗത്തിന്റെ ഭാരവാഹികളില്‍ ആരും മത്സരിക്കേണ്ടെന്നാണ് തന്റെ അഭിപ്രായം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആരെ വേണമെങ്കിലും സ്ഥാനാര്‍ഥികളാക്കാം. ആര്‍ക്കു വോട്ടു ചെയ്യണമെന്ന് എസ്എന്‍ഡിപി യോഗം പ്രഖ്യാപിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കഴിഞ്ഞ ദിവസം തുഷാര്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കണ്ടപ്പോഴും സ്ഥാനാര്‍ഥിയാവണമെന്ന ആവശ്യം ആവര്‍ത്തിച്ചിരുന്നു. ഇതിനെ തുടർന്ന് തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്‍ഥിയാവണമെന്ന ആവശ്യത്തില്‍ ബിജെപി ഉറച്ചുനില്‍ക്കുന്നതിനിടെയാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. എന്‍ഡിഎ സീറ്റു വിഭജനത്തില്‍ തൃശൂര്‍ ബിഡിജെഎസിനു നല്‍കാമെന്നും തുഷാര്‍ സ്ഥാനാര്‍ഥിയാവണം എന്നുമാണ് ബിജെപി നേതൃയോഗത്തിലെ ധാരണ.