അമ്മയ്ക്ക് മാസം 1000 രൂപ നല്‍കണമെന്ന കോടതി വിധി പാലിച്ചില്ല; അമ്മയുടെ സ്വത്ത് തട്ടിയെടുത്ത് വീട്ടില്‍ നിന്ന് ഇറക്കിവിട്ട മകനെ തടവിന് ശിക്ഷിച്ച് കോടതി

single-img
7 February 2019

അമ്മയ്ക്ക് മാസം 1000 രൂപ ജീവനാംശം നല്‍കണമെന്ന കോടതി വിധി പാലിക്കാതിരുന്ന മകനെ ഒരു മാസത്തെ തടവിന് ശിക്ഷിച്ച് കോടതി. മേപ്പാടി കോട്ടപ്പടി വട്ടപ്പാറ വീട്ടില്‍ കറുകൻ്റെ ഭാര്യ മാധവി കൊടുത്ത പരാതിയില്ലാണ് മകന്‍ രാജുവിനെയാണ് മാനന്തവാടി സബ്ഡിവിഷന്‍ കോടതി നടപടിയെടുത്തത്.

അമ്മയുടെ സ്വത്ത് തട്ടിയെടുത്ത് വീട്ടില്‍ നിന്ന് ഇറക്കിവിട്ട കേസില്‍ പ്രതിമാസം ആയിരം രൂപ ജീവനാംശം നല്‍കണമെന്ന് ഒരു വര്‍ഷം മുന്‍പ് വിധി പുറപ്പെടുവിച്ചത്. എന്നാല്‍ ഇത് നടപ്പാക്കാന്‍ മകന്‍ തയാറാവാതിരുന്നതിനാലാണ് നടപടി എടുത്തത്. മുതിര്‍ന്ന പൗരന്മാരുടേയും മാതാപിതാക്കളുടേയും ക്ഷേമത്തിനുള്ള നിയമം 2007 പ്രകാരം നല്‍കിയ കേസിലാണ് നടപടി. 10 മാസത്തെ ജീവനാംശം 10,000 രൂപ നല്‍കാത്തതിനാലാണ് രാജു ജയിലിലായത്.

ഇനി മുതല്‍ എല്ലാ മാസവും ഒന്നാം തിയതി ജീവനാംശം കൊടുക്കണമെന്നും പഴയതു പോലെ വീട്ടില്‍ താമസിക്കാന്‍ അനുവദിക്കണമെന്നും കോടതി വിധിയില്‍ പറയുന്നു.

മകന്‍ രാജു, മരുമകള്‍ ശോഭ, സഹോദരിയുടെ മക്കളായ പ്രസാദ്, രവി എന്നിവര്‍ ചേര്‍ന്ന് താനും ഭര്‍ത്താവും സമ്പാദിച്ച വീടും സ്വത്തും തട്ടിയെടുത്തെന്നും വീട്ടില്‍ നിന്ന് പുറത്താക്കിയെന്നുമായിരുന്നു മാധവിയുടെ പരാതി. തുടര്‍ന്ന് ആയിരം രൂപ മാസം ജീവനാംശം നല്‍കാനും വീട്ടില്‍ താമസിക്കുന്നതിന് സംരക്ഷണം ഉറപ്പ് വരുത്താനും കോടതി ഉത്തരവിട്ടു.എന്നാല്‍ മകനും മരുമകളും ഇതിന് തയ്യാറായില്ലെന്ന് കാണിച്ച് മാധവി വീണ്ടും മെയിന്റനന്‍സ് െ്രെടബ്യൂണല്‍ ആന്‍ഡ് സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.

കോടതി പലതവണ സമന്‍സ് അയച്ചിട്ടും രാജു കോടതിയില്‍ ഹാജരായില്ല. ഇതേത്തുടര്‍ന്ന് കോടതി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. മേപ്പാടി പൊലീസ് രാജുവിനെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നു.