ശബരിമല പുനഃപരിശോധനാ ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ

single-img
6 February 2019

ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പുനഃപരിശോധനാ ഹർജികളും റിട്ട് ഹർജികളും ദേവസ്വം ബോർഡ് നൽകിയ സാവകാശ ഹര്‍ജികളുമാണ് കോടതി പരിഗണിക്കുന്നത്. രാവിലെ 10.30-ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ ആർ.എഫ്. നരിമാൻ, എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരുടെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

ആകെ 55 പുനഃപരിശോധനാ ഹർജികളാണുള്ളത്. കൂടാതെ, ഹൈക്കോടതി മേൽനോട്ട സമിതിയെ നിയോഗിച്ചതു ചോദ്യം ചെയ്തും ഹൈക്കോടതിയിലെ 23 ഹർജികൾ സുപ്രീം കോടതിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടും സംസ്ഥാന സർക്കാർ നൽകിയ ഹർജികളുമുണ്ട്. എന്നാൽ, തന്ത്രിക്കും മറ്റുമെതിരേ എ.വി. വർഷ, ഗീനാകുമാരി എന്നിവർ നൽകിയ കോടതിയലക്ഷ്യ ഹർജി ഇതോടൊപ്പം ലിസ്റ്റ് ചെയ്തിട്ടില്ല. ഇവരുടെ അഭിഭാഷകനോടും ബുധനാഴ്ച ഹാജരാകാൻ ചീഫ് ജസ്റ്റിസ് നിർദേശിച്ചു.

സെപ്റ്റംബർ 28-നാണ് ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി വിധിപറഞ്ഞത്. ഇതിനെതിരായ പുനഃപരിശോധനാ ഹർജികൾ ജനുവരി 22-നു കേൾക്കാനാണ് ആദ്യം നിശ്ചയിച്ചതെങ്കിലും ജസ്റ്റിസ് ഇന്ദു മൽഹോത്ര അവധിയായതിനാൽ മാറ്റിവെക്കുകയായിരുന്നു.