കോടിയേരി രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്ന് എന്‍എസ്എസ്

single-img
5 February 2019

എന്‍.എസ്.എസിനെ ഉപദേശിക്കാനോ വിമര്‍ശിക്കാനോ രാഷ്ട്രീയം പഠിപ്പിക്കാനോ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അവകാശമില്ലെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ശബരിമല യുവതി പ്രവേശന കാര്യത്തില്‍ കോടതിയോട് സാവകാശം ചോദിക്കാതെയും വിശ്വാസികളുടെ വികാരം കണക്കിലെടുക്കാതെയും സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ് ചെയ്തത്.

തിടുക്കം കാണിക്കരുതെന്നും സാവകാശ ഹര്‍ജി നല്‍കി പുനഃപരിശോധന ഹര്‍ജിയുടെ തീരുമാനം വരുന്നതു വരെ നടപടികള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തി വെക്കണമെന്നും എന്‍.എസ്.എസ് അഭ്യര്‍ഥിച്ചതാണ്. മറിച്ചാണെങ്കില്‍ വിശ്വാസികളുടെ ഒപ്പം നില്‍ക്കുമെന്ന് വ്യക്തമാക്കിയിരുന്നു. കോടിയേരിയുമായും മുഖ്യമന്ത്രിയുമായും ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു.

ശബരിമല വിഷയത്തില്‍ ആരുമായും നിഴല്‍ യുദ്ധത്തിനില്ലെന്നും ആരെയും ഭയപ്പെടുത്താന്‍ എന്‍.എസ്.എസിന് ഉദ്ദേശമില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാറിനോട് ആരംഭം മുതല്‍ സൗഹൃദ നിലപാടാണ് സ്വീകരിച്ചത്. അനാവശ്യമായി ഏതെങ്കിലും വിഷയത്തില്‍ എന്‍.എസ്.എസ് ഇടപെടുകയോ വിലപേശുകയോ ചെയ്തിട്ടില്ലെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.