ഗള്‍ഫിന് പെട്രോള്‍ പോലെയാണ് കേരളത്തിന് കരിമണല്‍: ഇ.പി ജയരാജന്‍

single-img
5 February 2019

ഗള്‍ഫ് രാജ്യങ്ങള്‍ക്കു പെട്രോള്‍ എന്ന പോലെ ആണ് കേരളത്തിന് ധാതുക്കളെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്‍. പരിസ്ഥിതിക്കു ദോഷം ഉണ്ടാക്കാതെ ഖനനം ആകാം എന്നാണ് സര്‍ക്കാര്‍ നയം. ഖനനം മല്‍സ്യ സമ്പത്തിനു ദോഷം ഉണ്ടാക്കില്ല എന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ട് ഉണ്ട്. തീരശോഷണം വിദഗ്ധ സമിതി പഠിക്കുകയാണെന്നും ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് കിട്ടുമെന്നും ഇപി ജയരാജന്‍ പറഞ്ഞു

ഖനനം സംബന്ധിച്ച് ഒരു പരാതിയും സര്‍ക്കാറിനു മുന്നില്‍ ഇതുവരെ എത്തിയിട്ടില്ല. ആലപ്പാട്ടെ ജനങ്ങള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ അത് പരിഹരിക്കും. സമരത്തിന് പിന്നില്‍ ബാഹ്യശക്തികളുണ്ടെന്നും ഇ.പി ജയരാജന്‍ ആവര്‍ത്തിച്ചു.

ആലപ്പാട്ടെ അശാസ്ത്രീയ ഖനനം തദ്ദേശവാസികളുടെ നിലനില്‍പ്പിന് ഭീഷണിയാണെന്നും സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. ഇതിന് മറുപടി പറയുകയായിരുന്നു മന്ത്രി. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എം.എല്‍.എ പി. ടി തോമസ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി.