പോക്സോ ചുമത്തിയതിനു പിന്നാലെ നടി ഭാനുപ്രിയയുടെ വീട്ടിൽ നടത്തിയ റെയ്ഡില്‍ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കൂടി കണ്ടെത്തി

single-img
4 February 2019

നടി ഭാനുപ്രിയയുടെ ചെന്നൈയിലെ വസതിയിൽ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ റെയ്ഡില്‍ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കൂടി കണ്ടെത്തി. ബാലാവകാശ പ്രവ‌ർത്തകനായ അച്യുത റാവു ദേശീയ ബാലാവകാശ കമ്മീഷന് സമർപ്പിച്ച കത്തിനെ തുടർന്നായിരുന്നു നടിയുടെ വീട്ടിൽ റെയ്ഡ് നടത്തിയത്. തങ്ങൾ ലൈംഗികമായി ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നും പെൺകുട്ടികൾ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കു മൊഴി നൽകി.

ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നുള്ള പ്രഭാവതി നല്‍കിയ പരാതിയായെ തുടർന്നാണ് നടി ഭാനുപ്രിയയുടെ വീട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കൊണ്ട് വീട്ടുജോലി ചെയ്യിപ്പിക്കുന്നു എന്ന വിവരം പുറം ലോകം അറിഞ്ഞത്. 14 കാരിയായ തന്റെ മകളെ ഭാനുപ്രിയ വീട്ടുജോലിക്കായി കൊണ്ടുപോയി പീഡിപ്പിച്ചെന്ന് ആരോപിച്ചാണ് പ്രഭാവതി സമാല്‍കോട്ട് പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയത്.

ഭാനുപ്രിയയുടെ സഹോദരന്‍ ഗോപാലകൃഷ്ണന്‍ തന്റെ മകളെ ഉപദ്രവിക്കുന്നതായും, 18 മാസമായി ശമ്പളം നൽകാറില്ല എന്നും പരാതിയിൽ പറയുന്നു. ഇതേ തുടർന്ന് ബാലാവകാശ പ്രവ‌ർത്തകനായ അച്യുത റാവു വിഷയത്തിൽ ഇടപെടുകയും ബാലവേല ചെയ്യിപ്പിച്ചതിന് നടിയെ അറസ്റ്റ് ചെയ്യണമെന്ന് എൻ.സി.പി.ആറിനോട് ആവശ്യപ്പെടുകയുമായിരുന്നു.

അതേസമയം പെൺകുട്ടി വീട്ടിൽ നിന്ന് മോഷണം നടത്തിയെന്നാരോപിച്ച് നടി പൊലീസിൽ പരാതിപ്പെട്ടിരുന്നു. തന്നെ അപമാനിക്കാനായി പെൺകുട്ടിയുടെ അമ്മ മനപ്പൂർവ്വം കെട്ടിചമച്ചതാണ് പരാതിയെന്നും നടി നേരത്തേ പറഞ്ഞിരുന്നു. നടിക്കെതിരെയും സഹോദരനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.