51 മാഞ്ഞുപോയി; ശബരിമലയില്‍ ദര്‍ശനം നടത്തിയത് രണ്ട് യുവതികള്‍ മാത്രം: കണക്ക് തിരുത്തി സര്‍ക്കാര്‍

single-img
4 February 2019

ശബരിമലയില്‍ ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനമാകാമെന്ന സുപ്രീം കോടതി വിധിക്ക് ശേഷം ദര്‍ശനം നടത്തിയത് രണ്ട് യുവതികളാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയതിന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരം സ്ഥിരീകരണമില്ലെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. എന്നാല്‍ ദര്‍ശനം നടത്തണമെന്ന് ആവശ്യപ്പെട്ട് എത്തുന്ന യുവതികള്‍ക്ക് ശബരിമലയില്‍ സുരക്ഷ ഒരുക്കണമെന്ന കാര്യത്തില്‍ സുപ്രീം കോടതിയില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമലയില്‍ 17 യുവതികള്‍ ദര്‍ശനം നടത്തിയെന്നായിരുന്നു സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കൊടുത്ത പട്ടികയില്‍ പറഞ്ഞിരിക്കുന്നത്. സര്‍ക്കാര്‍ ആദ്യം സമര്‍പ്പിച്ച 51 പേരുടെ പട്ടികയില്‍ പുരുഷന്‍മാരും 50 വയസ്സുകഴിഞ്ഞവരും ഉള്‍പ്പെട്ടത് വിവാദമായതിനു പിന്നാലെയാണ് പട്ടിക പുനഃപരിശോധിച്ച് 17 പേരാക്കിയത്. എന്നാല്‍ ഇപ്പോള്‍ രണ്ട് പേരുടെ കാര്യത്തില്‍ മാത്രമെ സ്ഥിരീകരണമുള്ളു എന്ന നിലപാടാണ് സര്‍ക്കാര്‍ നിയമസഭയില്‍ സ്വീകരിച്ചിരിക്കുന്നത്.

ശബരിമല തന്ത്രി ദേവസ്വം ജീവനക്കാരന്‍ അല്ല. ദേവസ്വം മാന്വല്‍ പ്രകാരം മറ്റ് ജീവനക്കാരെപ്പോലെ തന്നെ തന്ത്രി പ്രവര്‍ത്തിക്കണം. ക്ഷേത്രത്തില്‍ ആചാരലംഘനമുണ്ടായാല്‍ നടയടച്ച് ശുദ്ധിക്രിയ ചെയ്യാന്‍ ദേവസ്വം മാന്വലില്‍ ശുപാര്‍ശ ചെയ്യുന്നില്ല. ശുദ്ധിക്രിയ ആവശ്യമെങ്കില്‍ ദേവസ്വം ബോര്‍ഡിനോട് കൂടിയാലോചന നടത്തിയ ശേഷം മാത്രം ശുദ്ധിക്രിയ നടത്താം. നിലവില്‍ ശുദ്ധിക്രിയ ചെയ്തപ്പോള്‍ അനുമതി വാങ്ങാത്തതിനാലാണ് വിശദീകരണം ചോദിച്ചത്. ശബരിമല ആചാര വിശ്വാസ സംരക്ഷണത്തില്‍ തീരുമാനമെടുക്കേണ്ടത്തന്ത്രിയില്‍ മാത്രം നിക്ഷിപ്തമല്ലെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

ശബരിമലയെ സംഘര്‍ഷഭൂമിയാക്കിയതു മൂലം മണ്ഡല മകരവിളക്കു കാലത്ത് തീര്‍ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും കുറവുവന്നിട്ടുണ്ട്. മണ്ഡല മകരവിളക്കു കാലത്തെ നടവരവ് 72.10 കോടി രൂപയായി കുറഞ്ഞു. തൊട്ടുമുന്‍വര്‍ഷം ഇത് 97.52 കോടി രൂപയായിരുന്നു. മണ്ഡലകാലത്തെ ആകെ വരുമാനത്തില്‍ നൂറു കോടി രൂപയുടെ കുറവാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം 279.43 കോടി രൂപ ലഭിച്ചപ്പോള്‍, ഇക്കുറി 180.18 കോടിയായി കുറഞ്ഞെന്നും മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു.