‘അമ്മ പറഞ്ഞു, ഒരിക്കലും അഴിമതി ചെയ്യരുതെന്ന്’; മോദി

single-img
4 February 2019

ഗുജറാത്തിലെ മുഖ്യമന്ത്രി ആയപ്പോഴാണ് തന്റെ അമ്മ ഏറ്റവും അധികം സന്തോഷിച്ചതെന്ന് നരേന്ദ്രമോദി. ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് മോദിയുടെ വെളിപ്പെടുത്തല്‍. പ്രധാനമന്ത്രിയായതിനെക്കാള്‍ അമ്മയെ സന്തോഷിപ്പിച്ചത് ഗുജറാത്തിന്റെ മുഖ്യമന്ത്രിയായതാണ്. ഏത് പദവിയാണെങ്കിലും സത്യസന്ധനായിരിക്കണമെന്ന് മാത്രമാണ് അമ്മയുടെ ആഗ്രഹം മോദി പറഞ്ഞു.

‘ഒട്ടേറെ പേര്‍ എന്നോട് ചോദിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയായ സമയത്ത് അമ്മയുടെ പ്രതികരണം എന്തായിരുന്നുവെന്ന്. പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അമ്മ ഒരു കാര്യം മാത്രമേ പറഞ്ഞൂള്ളൂ, നിന്റെ ജോലി എന്താണെന്ന് ഒന്നും അറിയില്ല, പക്ഷെ ഒരിക്കലും കൈക്കൂലി വാങ്ങില്ലെന്ന് വാക്ക് തരണമെന്ന്.

എന്നെ ഏറെ സ്വാധീനിച്ച വാക്കുകളാണത്. ജീവിതകാലം മുഴുവന്‍ ദാരിദ്ര്യത്തില്‍ മാത്രം കഴിഞ്ഞ സ്ത്രീയാണ് അമ്മ, മകന് ഇത്രയും വലിയ പദവി ലഭിച്ചിട്ടും ആഡംബരങ്ങളിലും സ്വാര്‍ഥലാഭങ്ങളിലും അമ്മ ഭ്രമിച്ചില്ല. ഞാന്‍ പ്രധാനമന്ത്രിയായാലും മുഖ്യമന്ത്രിയായാലും അമ്മയ്ക്ക് ഒരുപോലെയാണ്. പണ്ട് ആരെങ്കിലും എനിക്കൊരു സാധാരണജോലി കിട്ടിയെന്ന് പറഞ്ഞാല്‍പ്പോലും മറ്റുള്ളവര്‍ക്ക് അമ്മ മധുരം നല്‍കുമായിരുന്നു.

മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്ന സമയത്ത് ഡല്‍ഹിയിലായിരുന്നു താമസം. തിരഞ്ഞെടുപ്പിലെ വിജയം അറിഞ്ഞയുടന്‍ അമ്മയെക്കാണാന്‍ അഹമ്മദാബാദിലെ വീട്ടിലേയ്ക്കാണ് പോയത്. അമ്മയ്ക്ക് മുഖ്യമന്ത്രി പദവിയെക്കുറിച്ച് വലിയ അറിവുണ്ടെന്ന് തോന്നുന്നില്ല.

‘അമ്മ എന്നെ ഒന്നു നോക്കി. ശേഷം കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു. നീ തിരികെ ഗുജറാത്തിലേയ്ക്ക് എത്തുമല്ലോ അതാണ് എന്റെ സന്തോഷമെന്ന്’. ഭൂരിഭാഗം അമ്മമാരും അങ്ങനെയാണ്. ചുറ്റും എന്തോക്കെ നടക്കുന്നാലും അവര്‍ക്ക് മക്കള്‍ അടുത്തുണ്ടാവണം എന്നുമാത്രമാണെന്നും അദ്ദേഹം പറഞ്ഞു.