ബംഗാള്‍: സിബിഐക്ക് തിരിച്ചടി; ഇന്നുതന്നെ വാദം കേള്‍ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി; എന്താണ് തിടുക്കമെന്ന് ചീഫ് ജസ്റ്റീസ്

single-img
4 February 2019

ബംഗാള്‍ സര്‍ക്കാരിനെതിരായ സിബിഐയുടെ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. ബംഗാളില്‍ അസാധാരണ സാഹചര്യമാണെന്നും ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് സിബിഐ കോടതിയെ സമീപിച്ചത്. എന്നാല്‍ എന്താണു തിടുക്കമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ് ചോദിച്ചു.

ബംഗാളില്‍ അസാധാരണ സാഹചര്യമാണെന്നു സോളിസിറ്റര്‍ ജനറല്‍ അറിയിച്ചെങ്കിലും തെളിവു ഹാജരാക്കണമെന്ന് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. കേസ് വിശദമായി നാളെ പരിഗണിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു. സിബിഐ ആരോപണം അടിസ്ഥാന രഹിതമെന്നാണ് ബംഗാള്‍ സര്‍ക്കാറിന് വേണ്ടി ഹാജരായ മനു അഭിഷേഖ് സിങ്‌വി സുപ്രീംകോടതിയില്‍ പറഞ്ഞത്. എല്ലാ വാദങ്ങളും നാളെ ആകാമെന്നായിരുന്നു സുപ്രീംകോടതിയുടെ മറുപടി.

അതേസമയം, കൊല്‍ക്കത്തയിലെ നാടകീയ സംഭവങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്നലെ രാത്രി തുടങ്ങിയ സത്യാഗ്രഹ സമരം തുടരുകയാണ്. ഭരണഘടനയെ സംരക്ഷിക്കുക എന്ന പേരില്‍ കൊല്‍ക്കത്ത മെട്രോ ചാനലിലാണ് മമത ബാനര്‍ജി സത്യാഗ്രഹമിരിക്കുന്നത്.

മമതയെ പിന്തുണച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കം പ്രതിപക്ഷത്തെ നേതാക്കള്‍ രംഗത്തെത്തി. അഖിലേഷ് യാദവ്, അരവിന്ദ് കെജ്രിവാള്‍, ഒമര്‍ അബ്ദുള്ള, തേജസ്വി യാദവ്, എം കെ സ്റ്റാലിന്‍, ശരത് പവാര്‍, ചന്ദ്രബാബുനായിഡു തുടങ്ങിയ പ്രതിപക്ഷ നേതാക്കളും മമതയെ പിന്തുണച്ചെത്തി. അതേസമയം സിപിഎം ബിജെപിയേയും തൃണമൂലിനേയും ഒരുപോലെ വിമര്‍ശിച്ചു. അതിനിടെ, ബംഗാള്‍ ഗവര്‍ണര്‍ കേശരി നാഥി ത്രിപാഠി ചീഫ് സെക്രട്ടറിയോടും ഡിജിപിയും വിശദീകരണം തേടി.