തമിഴ്‌നാട്ടില്‍ എംജിആര്‍ നിന്നതു പോലെയല്ല കേരളത്തിലെ സാഹചര്യം; മോഹന്‍ലാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മേജര്‍ രവി

single-img
4 February 2019

തിരുവനന്തപുരം: മോഹന്‍ലാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മേജര്‍ രവി. മോഹന്‍ലാലുമായി ഇക്കാര്യം സംസാരിച്ചിരുന്നു. ലാല്‍ എല്ലാം ചിരിച്ചു തള്ളിയെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടില്‍ എംജിആര്‍ നിന്നതു പോലെയല്ല കേരളത്തിലെ സാഹചര്യം. അഭിനയമാണ് ലാലിന് കൂടുതല്‍ ചേരുക. അങ്ങനെയൊരു നടനെ ഇനി കിട്ടില്ല. കേള്‍ക്കുന്നതെല്ലാം അഭ്യൂഹം മാത്രമാണെന്നും മേജര്‍ രവി പറഞ്ഞു.

മോഹന്‍ലാല്‍ മത്സരിച്ചാല്‍ വിജയം ഉറപ്പാണെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് അശോക് കുമാര്‍ പറഞ്ഞിരുന്നു. മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം ലാലിന്റേത് മാത്രമാണ്. എന്നാല്‍, രാഷ്ട്രീയ പാര്‍ട്ടിയുടെ ലേബലില്‍ മോഹന്‍ലാല്‍ മത്സരിക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നു പല തവണ പറഞ്ഞതാണെന്നും ഇക്കാര്യം വീണ്ടും വീണ്ടും ആവര്‍ത്തിക്കേണ്ടിവരുന്നതില്‍ വേദനയുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. തനിക്ക് വ്യക്തമായ രാഷ്ട്രീയാഭിപ്രായമുണ്ടെന്നും അത് പൊതുവേദിയില്‍ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും മോഹന്‍ലാല്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു.

‘ഒരു സിനിമാ താരമായി തുടരാനാണ് തനിക്ക് ആഗ്രഹം. ഈ ജോലിയില്‍ നിന്നും ലഭിക്കുന്ന സ്വാതന്ത്ര്യം ഞാന്‍ നന്നായി ആസ്വദിക്കുന്നുണ്ട്. അതില്‍ എന്റെ കഴിവിന്റെ പരമാവധി ഉപയോഗിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. എന്നെ തിരുത്തുകയും എന്നിലുണ്ടെന്നു ചിലരെങ്കിലും കരുതുന്ന നടനെ പുറത്തെത്തിക്കുകയും ചെയ്യുന്നത് കാണികളാണ്.

‘ഞാന്‍ അവരോടൊപ്പം നില്‍ക്കുകയാണ്. എന്നെ കൂടുതല്‍ തിരുത്തുകയും കൂടുതല്‍ നന്നായി ജോലി ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നതാണ് ഞാന്‍ ഓരോരുത്തരിലും നിന്നും പ്രതീക്ഷിക്കുന്നത്. തല്‍ക്കാലം ഒരു വിവാദത്തിലേക്കും എന്നെ വലിച്ചിഴക്കരുത്. രാഷ്ട്രീയത്തില്‍ നമുക്ക് ധാരാളം പേരെ ആശ്രയിക്കേണ്ടി വരും.

ഇത് ഒരിക്കലും എളുപ്പമാകില്ല. മാത്രവുമല്ല രാഷ്ട്രീയം തനിക്ക് അറിയാവുന്ന കാര്യവുമല്ല. അതുകൊണ്ട് ഇപ്പോള്‍ രാഷ്ട്രീയത്തിലേക്കില്ല. എനിക്ക് വ്യക്തമായ രാഷ്ട്രീയാഭിപ്രായമുണ്ട്. അത് പൊതുവേദിയില്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് അറിയാവുന്ന ഒരു തൊഴില്‍ ചെയ്ത് ജീവിക്കുകയാണ്’–മോഹന്‍ലാല്‍ പറഞ്ഞു. നിലവില്‍ കുഞ്ഞാലി മരക്കാര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ഹൈദരാബാദിലാണ് താരം.