അലോക് വര്മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും മാറ്റിയത് ചിട്ടി തട്ടിപ്പ് കേസിൽ കൊൽക്കത്ത പോലീസ് കമ്മീഷണർ രാജീവ് കുമാറിനെ പ്രതിയാക്കാൻ വിസമ്മതിച്ചതിനാൽ?

single-img
4 February 2019

സിബിഐ മുൻ ഡയറക്ടർ അലോക് വര്മ്മയെ മോദി സർക്കാർ മാറ്റിയതിന് പിന്നിൽ കൊൽക്കത്ത പോലീസ് കമ്മീഷണർ രാജീവ് കുമാറിനെതിരെ നടപടി സ്വീകരിക്കാത്തതിനാലാണെന്ന് വിവരം. സിബിഐ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താന ആയിരുന്നു ശാരദ-റോസ് വാലി ചിട്ടിഫണ്ട് കേസുകൾ അന്വേഷിച്ചിരുന്നത്. ഒരു തെളിവുമില്ലാതെ രാജീവ് കുമാറിനെതിരെ അന്വേഷണം നടത്തിയതിന് അലോക് വർമ്മ രാകേഷ് അസ്താനയെ താക്കീത് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ഇരുവരും തമ്മിലുള്ള ബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ബിജെപിയുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാൻ വേണ്ടിയിട്ടാണ് മോദിയുടെ അടുപ്പക്കാരനായ രാകേഷ് അസ്താന കൊൽക്കത്ത സിറ്റി പോലീസ് കമ്മീഷണർ രാജീവ് കുമാറിനെ പ്രതിയാക്കി കേസന്വേഷണം മുന്നോട്ടുകൊണ്ടുപോയത് എന്നാണ് ഡൽഹിയിൽനിന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ശാരദാ-റോസ് വാലി ചിട്ടിഫണ്ട് എന്നീ കേസുകളിൽ ആദ്യം അന്വേഷണം നടത്തിയത് കൊൽക്കത്ത പോലീസിനെ പ്രത്യേക അന്വേഷണ സംഘം ആയിരുന്നു. ഈ സംഘത്തിന് നേതൃത്വം നൽകിയത് അന്ന് അസ്സിസ്റ്റന്റ് പോലീസ് കമ്മീഷണർ ആയിരുന്ന രാജീവ് കുമാറായിരുന്നു. എന്നാൽ 2014 ല്‍ സുപ്രീംകോടതിയുടെ നിർദ്ദേശാനുസരണം പോലീസ് അന്വേഷണം സിബിഐ ഏൽപ്പിച്ചിരുന്നു.

കൊൽക്കത്ത പൊലീസിന് അന്വേഷണത്തിനിടയിൽ ലഭിച്ച സുപ്രധാന വിവരങ്ങൾ രാജീവ് കുമാറും സംഘവും നശിപ്പിച്ചു എന്നാണ് അസ്താനയുടെ പ്രധാന ആരോപണം. പ്രമുഖ രാഷ്ട്രീയ നേതാക്കളെ രക്ഷിക്കാൻ വേണ്ടിയായിരുന്നു ഇത് എന്നും ആസ്ഥാന കേസ് ഡയറിയിൽ എഴുതിച്ചേർത്തു. ഇതേ തുടർന്ന് രാജീവ് കുമാർ വിനീത് കുമാർ ഗോയൽ എന്നിവരെ ചോദ്യം ചെയ്യാന്‍ സി ബി ഐ നോട്ടീസയക്കുകയും ചെയ്തു. എന്നാൽ അന്യമായ ചോദ്യം ചെയ്യൽ നോട്ടീസിനെതിരെ രാജീവ് കുമാർ അന്നത്തെ സി ബി ഐ ഡയറക്ടര്‍ അലോക് വര്മ്മക്കു പരാതി നൽകുകയും തുടർന്ന് അസ്ഥാനയെ താക്കീത് ചെയ്യുകയും ചെയ്യുകയായിരുന്നു.